എഴുകോൺ : പെരിനാട് വെള്ളിമണിൽ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ട ഗിരീഷ് കുമാറിന്റെ ദാരുണാന്ത്യം വിരൽ ചൂണ്ടുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ പോരായ്മകളിലേക്ക്.
ദുരന്ത സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് സജ്ജമായ റാപ്പിഡ് റെസ്പോൺസ് ടീം ഉണ്ടാകണമെന്ന സർക്കാർ നിർദ്ദേശമുണ്ട്. ഇവർക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം.
രക്ഷാ പ്രവർത്തനങ്ങൾക്ക് ഉതകുന്ന ലഭ്യമായ ഉപകരണങ്ങളുടെ ഡയറക്ടറി പഞ്ചായത്ത് തല ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമാണ്. പഞ്ചായത്ത് തലത്തിൽ ജൈവ വൈവിധ്യ മാനേജ്മെന്റിനും ദുരന്ത നിവാരണത്തിനുമായി പുതിയ ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചത് തന്നെ സർക്കാർ ഇതിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സെക്രട്ടറി കൺവീനറായുമുള്ളതാണ് ഈ ഗ്രൂപ്പ് . ഗ്രാമപ്പഞ്ചായത്തുകളുടെ വാർഷിക പദ്ധതി അംഗീകരിക്കുന്നതിന് പ്രത്യേക ദുരന്ത നിവാരണ പദ്ധതിരേഖ ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ ഒട്ടുമിക്ക പഞ്ചായത്തിലും കടലാസിൽ മാത്രമാണ് ഈ വർക്കിംഗ് ഗ്രൂപ്പുള്ളത്. യോഗം കൂടുകയോ റെസ്പോൺസ് ടീമിന് പരിശീലനം നൽകുകയോ ചെയ്യാറില്ല.
അധികൃതരുടെ അലംഭാവമല്ല, ഇടപെടൽ ആവശ്യം
പെരിനാട്ടെ കിണർ ദുരന്തത്തിൽ 15 മണിക്കൂറിന് ശേഷമാണ് ഗിരീഷ്കുമാറിന്റെ മൃതദേഹം കണ്ടെത്താനായത്. ബുധനാഴ്ച വൈകിട്ടാണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ചാത്തന്നൂരിൽ നിന്ന് വലിയ മണ്ണ് മാന്തി യന്ത്രം എത്തിച്ചാണ് തെരച്ചിൽ പൂർത്തിയാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ രേഖകളും രക്ഷാ ഉപകരണങ്ങളുടെ വിവരവും ഡിജിറ്റലൈസ് ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം കൗമാരക്കാരാണ് വിവിധയിടങ്ങളിൽ മുങ്ങി മരിച്ചത്.കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ദുരന്ത നിവാരണത്തിന്റെ ഭാഗമായി പഞ്ചായത്തുകൾ സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ കടുത്ത അലംഭാവം തുടരുന്നത് തടയാനും ജനകീയ സമിതികളെ കാര്യക്ഷമമാക്കാനും അധികൃതരുടെ ഇടപെടൽ ആവശ്യമാണ്.
സ്വരാജ് ട്രോഫിക്ക് 2 മാർക്ക്
വാർഷിക പദ്ധതികളുടെ അടിസ്ഥാനത്തിൽ മികച്ച ഗ്രാമപ്പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിന് ദുരന്ത നിവാരണ പദ്ധതിക്ക് രണ്ട് മാർക്കുണ്ട്. വാർഷിക പദ്ധതി രേഖയ്ക്കൊപ്പം ദുരന്ത നിവാരണ രേഖ എല്ലാ പഞ്ചായത്തുകളും നൽകാറുണ്ട്. ഇത് പ്രാവർത്തികമാക്കിയോ എന്ന കാര്യത്തിൽ സൂക്ഷ്മ പരിശോധന ഇല്ലാതെ ഈ മാർക്ക് നൽകുന്നതായി ആക്ഷേപമുണ്ട്.