കൊട്ടാരക്കര: നീലേശ്വരം പിണറ്റിൻമൂട്- ഇടയ്ക്കിടം റോഡ് തകർന്നു. ഇടയ്ക്കിടം ജംഗ്ഷനെത്തും മുൻപുള്ള കലുങ്കിനോട് ചേർന്ന് വലിയ കുഴികൾ രൂപപ്പെട്ടത് അപകടക്കെണിയായി. 2019ൽ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചാണ് ഇവിടെ കലുങ്ക് നിർമ്മിച്ചത്. കലുങ്കിന്റെ നിലനിൽപ്പിന് ദോഷകരമാകും വിധത്തിലാണ് ഇവിടെ കുഴികൾ രൂപപ്പെട്ടത്. പിണറ്റിൻമൂട്- ഇടയ്ക്കിടം റോഡിന്റെ നിർമ്മാണത്തിനായി 2020ൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചിലയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ റോഡ് പഴയതിലും മോശമായി മാറുകയാണ്. ഇടയ്ക്കിടം കലുങ്കിന്റെ ഭാഗത്ത് പെറ്റി വർക്കുകളിൽ ഉൾപ്പെടുത്തിയെങ്കിലും കുഴികൾ അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നീലേശ്വരം റോഡിലെ അപകടക്കെണി മാറ്റി
കൊട്ടാരക്കര- നീലേശ്വരം റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്തു. അപകടക്കെണി മാറി. റോഡിന്റെ വശങ്ങളിൽ മണ്ണ് നീക്കം ചെയ്തിരുന്നതാണ്. മഴ പെയ്തതോടെ ഇളകിയ മണ്ണ് ഒലിച്ചുപോയി കുഴികളായി. ഇതോടെ ടാറിംഗിനോട് ചേർന്ന ഭാഗത്ത് അപകടാവസ്ഥയായി. ഏപ്രിൽ 24ന് ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കരാറുകാരനെക്കൊണ്ട് അടിയന്തരമായി വശങ്ങൾ കോൺക്രീറ്റ് ചെയ്യിക്കുകയുമായിരുന്നു. ഓടയില്ലാത്ത വിധത്തിലാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. അപകടക്കെണി മാറിയതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ.