തൊടിയൂർ: നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മാളിയേക്കൽ മേൽപ്പാലത്തിന്റെ സർവീസ് റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിക്കുന്ന രീതിയിൽ നാട്ടുകാർക്ക് ആശങ്ക . സർവീസ് റോഡിന് സമാന്തരമായി ഇരു വശങ്ങളിലും നിർമ്മിക്കുന്ന ഓട തറനിരപ്പിൽ നിന്ന് രണ്ടടിയിലധികം ഉയർന്ന് നിൽക്കുന്നു. തൊട്ടടുത്ത വീടുകളിലേക്ക് പോകാനും വീടുകളിൽ നിന്ന് പുറത്തിറങ്ങാനും ഉയർന്നു നിൽക്കുന്ന ഓട തടസമാകുമെന്നതിന് സംശയമില്ല. ലെവൽ ക്രോസിന് പടിഞ്ഞാറു ഭാഗം ഒരു വശത്ത് ഇതിനകം ഇത്തരത്തിലുള്ള ഓട നിർമ്മിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഭാഗത്ത് ഈ രീതിയിൽ ഓട നിർമ്മിക്കാൻ പാടില്ലെന്ന നിലപാടിലാണ് നാട്ടുകാർ . പരാതിയുടെ അടിസ്ഥാനത്തിൽ സി.ആർ.മഹേഷ് എം.എൽ.എ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. ഓടയുടെ നിർമ്മാണ രീതിയെ സംബന്ധിച്ച് പ്രദേശവാസികൾ ഉന്നയിക്കുന്ന പരാതി പരിശോധിച്ച് സംശയങ്ങൾ പരിഹരിച്ച് തുടർപ്രവർത്തനങ്ങൾ
നടത്താൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.