കുന്നിക്കോട് : കോലിഞ്ചിമല വിവാദത്തിൽപ്പെട്ട സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റി പുതിയ വനിത നേതാവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാറക്വാറി തുടങ്ങാൻ നടത്തിപ്പുകാർക്ക് അനുകൂലമാകുന്ന വിധത്തിൽ തൊഴിലാളി വിരുദ്ധ കരാറുണ്ടാക്കി യൂണിയൻ പിരിച്ച് വിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിളക്കുടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ബി.ഷാജഹാനെയാണ് മാറ്റിയത്. മുൻ വിളക്കുടി ഗ്രാമപഞ്ചായത്തംഗവുംകേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറിയുമായ അജിത സുരേഷാണ് പുതിയ സെക്രട്ടറി.

പാറക്വാറി വിവാദത്തിൽപ്പെട്ടിരുന്ന ഷാജഹാനെ അന്ന് സ്ഥാനത്തു നിന്ന് നീക്കാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ പാർട്ടി സമ്മേളനത്തോടു കൂടി സ്ഥാനത്തു നിന്ന് മാറ്റിയാൽ മതിയെന്ന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നീട്ടി കൊണ്ടുപോയത്. ഷാജഹാനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും യൂണിയൻ സ്ഥാനങ്ങളിൽ നിന്നും മാറ്റിയിട്ടില്ല.

സി.പി.ഐയെ കൂടാതെ സി.പി.എമ്മും പാറക്വാറി വിവാദത്തിൽപ്പെട്ടിരുന്നു. സി.പി.ഐ വിവാദത്തിൽപ്പെട്ടവർക്കെതിരേ നടപടി സ്വീകരിച്ചിട്ടും സി.പി.എം നടപടിയെടുക്കാത്തത് അണികൾക്കിടയിൽ വിമർശനം ഉയർന്നിട്ടുണ്ട്. സി.പി.എം ജില്ലാ നേതൃത്വം വരെ ഇടപ്പെട്ട് അന്വേഷണവും തെളിവെടുപ്പുകളും നടത്തി നാളുകൾ പിന്നിട്ടെങ്കിലും നടപടിയില്ല.