കൊല്ലം: റേഷൻ സാധനങ്ങളുടെ വില ഇ- ട്രഷറിയിൽ അടച്ചശേഷമേ റേഷൻ സാധനങ്ങൾ വാതിൽ പടി വിതരണം നടത്താൻ പാടുള്ളൂവെന്ന പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ നിർദ്ദേശം പിൻവലിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മേയിൽ മുൻകൂർ തുക അടച്ചെന്ന് ഉറപ്പാക്കാൻ റേഷനിംഗ് ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തി. പത്തിന് മുമ്പ് തുക അടയ്ക്കണമെന്നാണ് നിർദ്ദേശം. ചില ലൈസൻസികൾ വൻ തുക കുടിശിക വരുത്തിയ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. കുടിശിക തുക വാങ്ങാൻ നടപടി സ്വീകരിക്കുന്നതിന് പകരം മുൻകൂർ പണമടയ്ക്കണമെന്ന ഉത്തരവ് ലൈസൻസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. പുതിയ നിർദ്ദേശം പിൻവലിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, സെക്രട്ടറി ടി. സജീവ് എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധച്ച് വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകി.