t
വിഷ്ണു

കൊല്ലം: വീടുകൾ കുത്തിത്തുറന്ന് കവർച്ച പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് വർക്കല മേലെവെട്ടൂർ പുതുവൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെ (30) ചാത്തന്നൂർ പൊലീസ് പിടികൂടി.

മാർച്ച് 19ന് രാത്രി ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപം ബാബു രജേന്ദ്രപ്രസാദിന്റെ വീട്ടിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിഷ്ണു പിടിയിലായത്. ചോദ്യം ചെയ്യലിൽ കൊല്ലത്തും സമീപ ജില്ലയിലും അടുത്തകാലത്ത് നടന്ന നിരവധി മോഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. രണ്ട് മാസം മുമ്പ് തങ്കശ്ശേരിയിൽ വീടിന്റെ വാതിൽ പൊളിച്ച് കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 35,000 രൂപ, കൊട്ടാരക്കര വാളകം മേഴ്‌സി ആശുപത്രിക്കു സമീപമുള്ള വീട്ടിൽ നിന്നു ബൈക്ക്, ഈ ബൈക്കിൽ എഴുകോണിലെത്തി ഒരു വീട്ടിൽ നിന്നു സ്വർണാഭരണങ്ങളും ഡിജിറ്റൽ കാമറയും ലാപ്പ്‌ടോപ്പും, കഴിഞ്ഞ മാസം വർക്കലയിൽ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്ന് സ്വർണാഭരണം എന്നിവ മോഷ്ടിച്ചതും ആറ്റിങ്ങൽ അവനവൻചേരിയില വീട്ടിൽ നടന്ന മോഷണ ശ്രമം, ആലപ്പുഴ ചെട്ടികുളങ്ങരയിലെ വീട്ടിൽ നടന്ന മോഷണ ശ്രമം എന്നിവയ്ക്ക് പിന്നിലും താനാണെന്ന് പ്രതി വെളിപ്പെടുത്തി. മോഷ്ടിച്ച മൊബൈൽ ഫോണുകളും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കൂട്ടാളികളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.