കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണസംഘത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവൻ തപസനുഷ്ഠിച്ച മരുത്വാമല പിള്ളത്തടം ഗുഹയിലേക്ക് ഗുരുദേവ സന്ദേശ ആത്മീയ പഠനയാത്ര സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് എഴുകോൺ രാജ്മോഹൻ, ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, വനിതാ വിഭാഗം കൺവീനർ ശാന്തിനി.എസ്.കുമാരൻ എന്നിവർ നേതൃത്വം നൽകി. ഗുരുവിന്റെ ജനനം മുതൽ സമാധി വരെയുള്ള ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുണ്യ സ്ഥലങ്ങളിലൂടെയാണ് പഠനയാത്ര നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ വൻ വരവേൽപ്പ് ലഭിച്ചു. മഹാനായ ആർ.ശങ്കറിന്റെ ജന്മ ഗ്രാമത്തിൽ നിന്നാരംഭിച്ച പഠനയാത്ര മഹാകവി കുമാരനാശാന്റെ തോന്നയ്ക്കലിലെ സ്മാരകം, ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലം, ആദ്യ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം, തപസനുഷ്ഠിച്ച കൊടിതൂക്കി മല, കുമാരഗിരി ഗുരുക്ഷേത്രം വഴി കന്യാകുമാരിയിലെ ശ്രീനാരായണ ഗുരുധർമ്മ മഠത്തിലെത്തി. പഠന യാത്രാസംഘത്തെ മഠം സെക്രട്ടറി സ്വാമി അരൂപാനന്ദ സ്വീകരിച്ചു. തുടർന്ന് ഗുരുദേവന്റെ തപോഭൂമിയായ പിള്ളത്തടം ഗുഹയിൽ സംഘം പ്രവർത്തകർ ഗുരുപൂജയും പ്രാർത്ഥനാ സംഗമവും നടത്തി. തുടർന്ന് ഗുഹയ്ക്ക് സമീപം ചേർന്ന് ഗുരുദേവ സന്ദേശ ആത്മീയ സമ്മേളനം ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി. സ്വാമിനാഥൻ അദ്ധ്യക്ഷനായി. ശാന്തിനി കുമാരൻ, കരീപ്ര സോമൻ, തലയണവിള തുളസീധരൻ, അനിത കോട്ടാത്തല, ഗീത രാജ്മോഹൻ, ആർ.സ്മിത, കരീപ്ര സരസ്വതി, മാധവി അമ്മ, ഉമാദേവി, കോട്ടാത്തല വസന്തകുമാരി, കൗസ്തുഭത്തിൽ സുമംഗല എന്നിവർ സംസാരിച്ചു. തുടർന്ന് പഠനയാത്രാ സംഘം ഗുരു പ്രതിഷ്ഠ നടത്തിയ കുന്നുംപാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം വഴി വർക്കല ശിവഗിരി മഠത്തിലെത്തി. മഠത്തിന് സമീപംവെച്ച് സംഘം ജില്ലാ പ്രസിഡന്റ് മജീഷ്യൻ വർക്കല മോഹൻദാസും ഗായകൻ ചെറുന്നിയൂർ ബാബുരാജും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പഠന യാത്രാസംഘം മഹാസമാധിയിൽ പ്രണമിച്ചു.