
കൊല്ലം: എറണാകുളം ജി.എസ്.ടി ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസറായ കരിക്കോട് പേരൂർ സുമാലയത്തിൽ എൻ. അജികുമാറിനെ കാണാതായിട്ട് ഒൻപത് ദിവസം പിന്നിടുന്നു. കഴിഞ്ഞമാസം 30ന് എറണാകുളത്തെ ലോഡ്ജിൽ നിന്ന് വീട്ടിലേക്ക് തിരിച്ച അദ്ദേഹത്തെ കാണാതാവുകയായിരുന്നു.
നിരന്തരം സമീപിച്ചിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ പരാതി. പുനലൂരിലെ ഓഫീസിൽ നിന്ന് മൂന്നുമാസം മുമ്പാണ് അജികുമാർ എറണാകുളത്തേക്ക് സ്ഥലം മാറിയത്. ഒരുമാസം എറണാകുളത്ത് ജോലി ചെയ്ത ശേഷം മകന്റെ എം.ബി.ബി.എസ് പ്രവേശനത്തിന് രണ്ടുമാസത്തെ അവധിയെടുത്തിരുന്നു. ഇതിനുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനായി 29ന് എറണാകുളത്തേക്ക് പോയി. പക്ഷേ വീണ്ടും അവധി നീട്ടിയെടുത്തു. 30ന് രാവിലെ 10.30ന് താൻ ലോഡ്ജ് മുറി വെക്കേറ്റ് ചെയ്ത് വീട്ടിലേക്ക് വരികയാണെന്ന് ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫായി.
സ്ഥലം മാറിയപ്പോൾ കൈകാര്യം ചെയ്തിരുന്ന മൂന്ന് ഫയലുകൾ കൈമാറിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പുനലൂരിലെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. പുതുതായി എത്തിയ ഉദ്യോഗസ്ഥൻ ഈ ഫയലുകൾ കിട്ടാതെ സ്ഥാനം എറ്റെടുക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് അജികുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പലയിടങ്ങളിലും തെരഞ്ഞെങ്കിലും ഫയൽ കണ്ടുകിട്ടിയതുമില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു അജികുമാറെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ കിളികൊല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി മൂന്നുമാസം മുമ്പ് കാക്കനാട് ഇൻഫോപാർക്ക് പൊലീസിന് കൈമാറിയെന്നാണ് കിളികൊല്ലൂർ പൊലീസ് പറയുന്നത്.
എന്നാൽ ഫയൽ ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇൻഫോപാർക്ക് പൊലീസ് പറയുന്നത്. ബന്ധുക്കൾ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.