കൊല്ലം: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് എറണാകുളം മുൻസിഫ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ആർ. ചന്ദ്രശേഖറെ മാറ്റി നിറുത്തി അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകണമെന്ന് അഫിലിയേറ്റ് ഐ.എൻ.ടി.യു.സി യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അഖലേന്ത്യ പ്രസിഡന്റിന് നിവേദനം നൽകി.

വൈദ്യുതി ബോർഡിലെ ഹിത പരിശോധനയിൽ ഐ.എൻ.ടി.യു.സിയെ പരാജയപ്പെടുത്താൻ സി.പി.ഐ (എം.എൽ) യൂണിയനുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച ചന്ദ്രശേഖരന് കോൺഗ്രസുകാർ മാപ്പു തരില്ല. രണ്ടുലക്ഷം പേർ പോലും ഇല്ലാത്ത ഐ.എൻ.ടി.യു.സിക്ക് 18 ലക്ഷം ആളുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നത് പേപ്പർ സംഘടനകളെ വച്ചാണ്. ചന്ദ്രശേഖരൻ പ്രസിഡന്റായ ശേഷം സംസ്ഥാന സമ്മേളനം നടത്തിയിട്ടില്ല. പേപ്പർ സംഘടനകളെ ഉപയോഗിച്ചുള്ള തട്ടിപ്പ് മനസിലാകുമെന്നുള്ളത് കൊണ്ടാണ് ഇതെന്നും അവർ പറഞ്ഞു. കല്ലട കുഞ്ഞുമോൻ, യൂനൂസ് കുഞ്ഞ്, സുഭാഷ് കലവറ, കുന്നത്തൂർ പ്രസാദ്, വലിയവിള വേണു, കുരീപ്പുഴ വിജയൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.