തഴവ: തഴച്ചുവളർന്നുനിൽക്കുന്ന അക്കേഷ്യ വനം. വട്ടമിട്ടുപറക്കുന്ന പക്ഷികൾ. ജലസമൃദ്ധമായ നീർച്ചാലുകൾ...ഹരിതക്കുടനിവർത്തി നിൽക്കുന്ന ഈ മരങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത് ലഹരിയുടെ രൂക്ഷഗന്ധമാണെന്ന് മാത്രം. വട്ടക്കായലിലെ അക്കേഷ്യവനം ഇപ്പോൾ
ലഹരിമാഫിയയുടെ പിടിയിലാണ്. കരുനാഗപ്പള്ളി പ്രദേശത്ത് ലഹരി സംഘങ്ങൾ പിടിമുറുക്കിയതോടെ വട്ടക്കായൽ വനം മാത്രമല്ല,
കുലശേഖരപുരം തുറയിൽകടവ്, കാട്ടിൽ കടവ്, വള്ളിക്കാവ്, തഴവ പാവുമ്പ ചുരുളി, മാലുമേൽപുഞ്ച, കരുനാഗപ്പള്ളി ആലുംകടവ്, ചന്തക്കടവ് തുടങ്ങിയയിടങ്ങളെല്ലാം ദുഷ്പേരിലാണ്.
പകൽ പോലും പൊതുശ്രദ്ധ പതിയാത്ത ഇവിടങ്ങളിൽ ലഹരി ഉപയോഗവും കൈമാറ്റവും നിർബാധം നടക്കുന്നതായി നാട്ടുകാർ പറയുന്നു.
ഇത്തരം പ്രധാന സങ്കേതങ്ങളെ കൂടാതെ ഒരോ പഞ്ചായത്തിലും വിവിധ ജംഗ്ഷനുകളുടെ പേരിൽ പോലും ലഹരി മാഫിയകൾ പ്രവർത്തിച്ചു വരുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരം.
എം.ഡി.എം.എ, എൽ.എസ്.സി സ്റ്റാമ്പ്, കഞ്ചാവ്, നൈട്രസ്ഫാം ഗുളിക കൾ എന്നിങ്ങനെ പലരൂപത്തിൽ ലഹരി ഒഴുകുകയാണ്.
ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൈട്രസ് ഫാം ഗുളികകൾ വിൽക്കാൻ പാടില്ലെന്ന ഡ്രഗ് കൺട്രോൾ ബോർഡിന്റെ നിർദ്ദേശം നിലനിൽക്കെയാണ് കൊള്ളവില വാങ്ങി ചില മെഡിക്കൽ ഷോപ്പുകൾ ഗുളിക വിൽക്കുന്നത്. ഇത്തരം ലഹരികളിൽ അടിമപ്പെടുന്നവരിൽ അധികം വിദ്യാർത്ഥികളാണെന്ന കാര്യം ഭയപ്പാടോടെയാണ് സമൂഹം നോക്കിക്കാണുന്നത്.
പൊലീസിലെ അമിത ജോലിഭാരവും എക്സൈസിലെ അംഗബലമില്ലായ്മയും മാഫിയകൾ തഴച്ചുവളരാനുള്ള വളമായി മാറിയിട്ടുണ്ട്. ആറ് പഞ്ചായത്തും ഒരു മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്നപ്രദേശത്തെ ലഹരി വിൽപ്പന തടയാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന കരുനാഗപ്പള്ളി എക്സൈസിൽ മുപ്പത് അംഗങ്ങൾ മാത്രമാണുള്ളത്. കാലാനുസൃതമായി എക്സൈസ് സേനയെ നവീകരിക്കണമെന്ന ആവശ്യവും വർഷങ്ങളായി പരിഗണിക്കപ്പെടാത്ത അവസ്ഥയാണ്.
മൊബൈൽ ഇല്ല
പേസ്റ്റ് റെഡി !
ആവശ്യക്കാർ ഇടനിലക്കാരേയും അവർ കച്ചവടക്കാരേയും ബന്ധപ്പെട്ടിരുന്നത് മുമ്പ് മൊബൈൽ ഫോൺ വഴിയായിരുന്നുവെങ്കിൽ ഇപ്പോൾ ഇത് പൂർണ്ണമായും ഒഴിവാക്കിയമട്ടാണ്. ഇത് ലഹരി സംഘങ്ങളെ കണ്ടെത്താനുള്ള പൊലീസ്, എക്സൈസ് സംഘത്തിന് വൻ തിരിച്ചടിയായിട്ടുണ്ട്.
കണ്ണിന്റെ ചുവപ്പ് നിറം, ചുണ്ട്, പല്ല് എന്നിവയ്ക്കുണ്ടാകുന്ന കറുപ്പ് നിറം എന്നിവ ലഹരി ഉപയോഗം തിരിച്ചറിയുന്ന പ്രകടമായ ലക്ഷണങ്ങളാണ്. എന്നാൽ, ഇവയെ മായ്ച്ചുകളയാൻ പ്രാപ്തമായ
പേസ്റ്റുകൾ കൂടി ആവശ്യക്കാർക്ക് ലഹരി സംഘങ്ങൾ നൽകാൻ തുടങ്ങിയതോടെ അത്തരക്കാരെ തിരിച്ചറിയാനുള്ള സാദ്ധ്യതയും മങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.