photo
ഗതാഗതകുരുക്കിലമർന്ന കരുനാഗപ്പള്ളി മാർക്കറ്റ്

കരുനാഗപ്പളി: ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് പാറ്റാേലി തോടിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനിക്കുന്നതാണ് കരുനാഗപ്പള്ളി മാർക്കറ്റ്. വലുതും ചെറുതുമായ നൂറ് കണക്കിന് കടകൾ ചേർന്നതാണിത്. അർദ്ധരാത്രിയോടെ ചരക്കുലോറികൾ കടകൾക്ക് മുമ്പിൽ എത്തിച്ചേരും. അതി രാവിലെ മുതൽ ചരക്കിറക്കാൻ തുടങ്ങും. 9 മണിയോടെ മാർക്കറ്റ് സജീവമാകും. ഇതോടെ കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡ് വാഹനങ്ങളെയും യാത്രക്കാരേയും കൊണ്ട് നിറയും, ഗതാഗതസ്‌തംഭനവും തുടങ്ങും.

കരുനാഗപ്പള്ളി നഗരത്തിൽ നിന്ന് ശാസ്താംകോട്ട, ആടൂർ, പത്തനംതിട്ട തുടങ്ങിയ ഭാഗത്തേയ്ക്ക് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ധാരാളമായി സർവീസ് നടത്തുന്നുണ്ട്. ചരക്ക് ലോറികളും യാത്രക്കാർ നിറഞ്ഞ ബസുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം കൂടിയാകുമ്പോൾ കാൽനട പോലും ദുഷ്ക്കരമായി തീരും.

ശാസ്താംകോട്ടയിൽ നിന്ന് കരുനാഗപ്പള്ളി ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങൾ മാർക്കറ്റിലൂടെ വൺവേ കടന്നാണ് ദേശീയപാതയിലെത്തുന്നത്. ഇത്തരത്തിൽ ട്രാഫിക് നിയമം ലംഘിച്ച് വരുന്ന വാഹനങ്ങൾ വലിയൊരുഅളവുവരെ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ട്രാഫിക് സംവിധാനത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കാരണമെന്തായാലും രാവിലെ മുതൽ രാത്രി വരെ ഇടതടവില്ലാതെ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മാർക്കറ്റിനെ ഇത് ശ്വാസംമുട്ടിക്കുന്നു എന്നകാര്യത്തിൽ ആർക്കും തർക്കമില്ല.

ഒരുമിച്ചുനിന്നാൽ

കുരുക്കഴിക്കാം

ശാസ്താംകോട്ട ഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ മാർക്കറ്റിന് കിഴക്കുവശത്തെ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് റെയിൽവേ സ്റ്റേഷൻ റോഡ് വഴി ദേശീയപാതയിൽ പ്രവേശിച്ചാൽ നിലവിലെ കുരുക്കിന് പരിഹാരമാകും. എന്നാൽ, ഇത് നടപ്പാകണമെങ്കിൽ റെയിൽവേ സ്റ്റേഷൻ റോഡിന്റെ വീതി കൂട്ടേണ്ടതുണ്ട്. കരുനാഗപ്പള്ളി നഗരസഭയും പൊതുമരാമത്ത് വകുപ്പും ഒരുമയോടെ പ്രവർത്തിച്ചാൽ ഇക്കാര്യം നടപ്പാക്കാൻ കഴിയും.