photo
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കരുനാഗപ്പള്ളി ടൗണിലെ കടകളിൽ പരിശോധന നടത്തുന്നു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ടൗണിൽ ഭക്ഷ്യ പരിശോധന കർശമാക്കി. നഗരസഭാ അധികൃതരും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ നഗരത്തിലെ നാല് ഹോട്ടലുകൾ അടച്ചുപൂട്ടി. ഷവർമ വിൽപ്പന നടത്തുന്ന ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകി. വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ, പലതവണ ഉപയോഗിച്ച എണ്ണ,​ മാലിന്യം എന്നിവ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

മതിയായ ശുചീകരണ, സാനിറ്റേഷൻ സൗകര്യങ്ങൾ പല സ്ഥാപനങ്ങളിലും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ദേശീയപാതയ്ക്ക് സമീപം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ താൽക്കാലിക കടകൾ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ഭക്ഷ്യസുരക്ഷാഓഫീസർ അനീഷ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റെനീഷ, നവീന, റജീന എന്നിവർ നേതൃത്വം നൽകി.