photo
പുത്തൂർ- പൂവറ്റൂർ റോഡിന്റെ ഭാഗമായ കണിയാപൊയ്ക ക്ഷേത്രക്കുളത്തിന്റെ കൽക്കെട്ട് പുനർ നിർമ്മിച്ചപ്പോൾ

കൊട്ടാരക്കര: പുത്തൂർ- പൂവറ്റൂർ റോഡിൽ കണിയാപൊയ്ക ക്ഷേത്രക്കുളത്തിന്റെ ഭാഗമായ കൽക്കെട്ട് പുനർ നിർമ്മാണം പൂർത്തീകരണത്തിലേക്ക്. ഇവിടുത്തെ അപകടാവസ്ഥ ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും യാത്രക്കാരും. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. 72 മീറ്റർ നീളത്തിലാണ് കൽക്കെട്ട് പുനർ നിർമ്മിച്ചത്. കഴിഞ്ഞ വർഷം ജൂലായ് ആദ്യവാരത്തിലാണ് കുളത്തിന്റെ ഭാഗമായ കൽക്കെട്ട് ഇടിഞ്ഞുവീണത്. പുത്തൂർ കണിയാപൊയ്ക ക്ഷേത്രത്തിന്റെ വകയായുള്ള വിശാലമായ കുളത്തിന്റെ ഒരുഭാഗം ഇടിഞ്ഞ് കുളത്തിലേക്ക് പതിക്കുകയായിരുന്നു. കുളത്തിന് നാലുവശവും കരിങ്കല്ലുകൾ അടുക്കിയുള്ള സംരക്ഷണ ഭിത്തികളുണ്ട്. ഒരു വശം റോഡിനോട് ചേരുന്നഭാഗമായതിനാൽ പൊതുമരാമത്ത് വകയായിട്ടാണ് ഇവിടെ കൽക്കെട്ട് നിർമ്മിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ ഭാഗമാണ് ഇടിഞ്ഞുതള്ളിയത്. ഇതോടെ റോഡിൽക്കൂടിയുള്ള യാത്രയ്ക്കും ആശങ്കയുണ്ടായിരുന്നു. പെരുമഴ പെയ്താൽ കൂടുതൽ ഭാഗം ഇടിയാനും ഇടയുണ്ടെന്നുകാട്ടി നാട്ടുകാരും കുളക്കട ഗ്രാമപഞ്ചായത്ത് അധികൃതരും മന്ത്രി കെ.എൻ.ബാലഗോപാലിന നിവേദനം നൽകിയിരുന്നു. മന്ത്രി സ്ഥലം സന്ദർശിച്ചാണ് തുക അനുവദിച്ച് നിർമ്മാണ ജോലികൾ തുടങ്ങിയത്.

ഉയർത്തിക്കെട്ടി

കുളത്തിന്റെ കൽക്കെട്ട് ഇടിഞ്ഞ ഭാഗം മാത്രമല്ല, ബാക്കികൂടി പൊളിച്ച ശേഷമാണ് പുനർ നിർമ്മാണം നടത്തിയത്. അടിഭാഗത്ത് നിന്ന് നല്ല ബലത്തിൽ കരിങ്കല്ലടുക്കി കെട്ടിയതിനാൽ ഇനി ഇടിയാൻ സാദ്ധ്യതയില്ല. കുത്തൊഴുക്കുണ്ടായാലും പ്രശ്നമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. റോഡ് നിരപ്പിൽ നിന്ന് മൂന്നടിയിൽകൂടുതൽ ഉയരത്തിലാണ് കൽക്കെട്ട് ഉയർത്തിക്കെട്ടിയത്. അതുകൊണ്ടുതന്നെ ചിറയിലേക്ക് വെള്ളം ഇറങ്ങില്ല. വാഹനങ്ങൾക്ക് സുരക്ഷിത സംവിധാനവുമായി.

കോൺക്രീറ്റ് ചെയ്യും

കൽക്കെട്ട് നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇനി റോഡിലെ ടാറിംഗിനും കൽക്കെട്ടിനും ഇടയിലുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. വെള്ളം ഒഴുകി ഏലായിലേക്ക് പോകും വിധമാണ് സംവിധാനം.