
കൊല്ലം: മുൻ മന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവീട്ടിൽ നിന്ന് മാതാവ് അന്നമ്മ ജോണിന്റെ വിവാഹ ആഭരണങ്ങളായ 53 പവൻ കവർന്ന കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കന്യാകുമാരി ജില്ലയിൽ മണികെട്ടാൻ പൊട്ടൻ വണ്ണൻവിള്ളൈ വില്ലേജിൽ രമേഷാണ് (രാസാത്തി രമേഷ്, 48) നാഗർകോവിലിൽ പിടിയിലായത്.
മോഷ്ടിച്ച സ്വർണം വിൽക്കാൻ നാഗർകോവിലിലെ ജൂവലറിയിലെത്തിയ രമേഷിനെ സംശയത്തെ തുടർന്ന് ജീവനക്കാർ പൊലീസിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ മോഷണം സമ്മതിച്ചതോടെ തമിഴ്നാട് പൊലീസ് കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ഈസ്റ്റ് പൊലീസ് സംഘം നാഗർകോവിലിലെത്തി.
ശനിയാഴ്ചയാണ് കടപ്പാക്കടയിലെ വീട്ടിൽ നിന്ന് സ്വർണം കവർന്നത്. കഴിഞ്ഞ 30ന് പാലക്കാട് ജില്ലാ ജയിലിൽ നിന്ന് മോചിതനായ രമേഷ് ട്രെയിനിലാണ് കൊല്ലത്തെത്തിയത്. ഷിബുവിന്റെ വീടിന് സമീപത്താണ് കുടുംബ വീട്. അന്നമ്മ ഷിബുവിന്റെ വീട്ടിലാണ് രാത്രി ഉറങ്ങാറ്. നിരീക്ഷണം നടത്തി ആളില്ലെന്ന് ഉറപ്പിച്ചശേഷം കമ്പിപ്പാര കൊണ്ട് മുൻവാതിൽ തകർത്താണ് അകത്ത് കയറിയത്. ഞായറാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. ഇതിനിടെ രമേഷ് ട്രെയിനിൽ രക്ഷപ്പെട്ടിരുന്നു. തെളിവായി ലഭിച്ച സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറിയതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.