കൊല്ലം: മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിന് 3 കോടിയുടെ പദ്ധതിയുമായി റെയിൽവേ. തുരുത്തിലെ ഹാൾട്ട് സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, രണ്ടാം പ്ലാറ്റ് ഫോമിന്റെ ലെവൽ ഉയർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.
നിലവിലുള്ള രണ്ട് പ്ലാറ്റ് ഫോമുകൾക്കും 14 കോച്ചുകൾ നിറുത്താവുന്ന നീളം മാത്രമാണുള്ളത്. രണ്ടാം പ്ലാറ്റ് ഫോമിന്റെ ഉയരം കുറവായതിനാൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ള യാത്രക്കാർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് നിത്യേന അപകടങ്ങൾക്കും കാരണമാകുന്നു. രണ്ടാം പ്ലാറ്റ് ഫോമിന്റെ ഉയരം ട്രെയിനിന്റെ വാതിൽപ്പടിയോളം ഉയർത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. സ്റ്റേഷനിലെ രണ്ട് പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിച്ച് ഓവർ ബ്രിഡ്ജ് പണിയണമെന്ന ആവശ്യത്തിനും പഴക്കമെറെയുണ്ട്. നിലവിൽ ട്രാക്കിലൂടെയാണ് ഇരു പ്ളാറ്റ് ഫോമുകളിലേക്കും എത്തുന്നത്. ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്ന കാര്യം സതേൺ റെയിൽവേ പരിഗണിക്കുമെന്ന് അഡിഷണൽ ജനറൽ മാനേജർ ബി.ജി.മല്ലയ്യ പറഞ്ഞു. സ്റ്റേഷനിൽ പേപ്പർ ടിക്കറ്റിന് പകരം കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റ് സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കും. തുക അനുവദിച്ച രണ്ട് പദ്ധതികളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ ആരംഭിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.