കൊല്ലം: തിരക്കേറെയുള്ള ഒരു പട്ടണമാണ് കുന്നിക്കോട്. പൊലീസ് സ്റ്റേഷനും ബാങ്കുകളും നിരവധി സർക്കാർ ഓഫീസുകളും ചന്തയും അനുബന്ധ സൗകര്യങ്ങളുമൊക്കെയുണ്ട്. എന്നാൽ ബസ് കയറാനെത്തുന്നവർക്ക് റോഡിന്റെ അരികിൽ നിൽക്കേണ്ട സ്ഥിതിയാണ്. മഴയത്തും പൊരി വെയിലത്തും കടത്തിണ്ണകളെ അഭയം പ്രാപിക്കണം. കൊട്ടാരക്കര ഭാഗത്തേക്ക് ഒരു വെയിറ്റിംഗ് ഷെഡ് നിലവിലുണ്ടെങ്കിലും മറുവശത്ത് യാതൊരു സംവിധാനവുമില്ല.
കൊല്ലം- തിരുമംഗലം ദേശീയപാതയും ശബരിപാതയും സംഗമിക്കുന്ന കുന്നിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശബരിമല മിനി ഇടത്താവളമാകാൻ സാദ്ധ്യതയുള്ള പട്ടണമെന്ന നിലയിൽ ഈ ആവശ്യത്തിന്റെ പ്രസക്തിയേറുകയാണ്. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, ചക്കുവരയ്ക്കൽ, വെട്ടിക്കവല തുടങ്ങി മിക്ക ഭാഗങ്ങളിലേക്കും പോകേണ്ടത് കുന്നിക്കോട് വന്നിട്ടാണ്. ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ പോകുന്നവർക്കും വന്നിറങ്ങുന്നവർക്കും ബസ് കയറാനും പൊരിവെയിലത്ത് നിൽക്കേണ്ട സ്ഥിതിയാണ്. പുനലൂരിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള 18 കിലോ മീറ്ററിനുള്ളിൽ മറ്റൊരു ബസ് സ്റ്റാൻഡും നിലവിലില്ല.
എൽ.പി സ്കൂൾ മാറ്റി സ്ഥാപിക്കണം
കുന്നിക്കോട് പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഇട്ടാവട്ടത്താണ് വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സർക്കാർ എൽ.പി സ്കൂളിന്റെ പ്രവർത്തനം. പതിറ്റാണ്ടുകളായി നാടിന്റെ അക്ഷരവെളിച്ചമായി മാറിയ ഈ വിദ്യാലയത്തിന് കാലാനുസൃതമായ വികസനമെത്താത്തത് സ്ഥല സൗകര്യത്തിന്റെ കുറവ് മൂലമാണ്. 20 സെന്റിൽ താഴെയാണ് ഇവിടെ വിദ്യാലയത്തിനുള്ള ഭൂമിയെന്നാണ് കണക്കാക്കുന്നത്. കുട്ടികളുടെ എണ്ണവും തീരെക്കുറഞ്ഞു. സർക്കാർ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് പരിമിതമായ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാനുള്ള നീക്കം തുടങ്ങിയതോടെയാണ് സ്കൂൾ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും സ്കൂളിന്റെ സ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സ്ഥാപിക്കണമെന്നും ആവശ്യമുയർന്നത്.
ഭൂമിയുണ്ട് ഉപയോഗിക്കണം
കുന്നിക്കോട് പൗരസമിതിയും ടൗൺ വികസന കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകുകയും പോസ്റ്റർ പ്രചരണം നടത്തുകയുമുണ്ടായി. ടൗണിൽ നിന്നും ഒരു കിലോ മീറ്ററിൽ താഴെ ദൂരമുള്ള പച്ചില പള്ളിയ്ക്ക് സമീപം രണ്ടര ഏക്കർ ഭൂമി പഞ്ചായത്ത് വകയായുണ്ട്. ഈ ഭൂമി സർക്കാർ വിദ്യാലയത്തിനായി അനുവദിക്കണമെന്നാണ് പൊതു ആവശ്യം. എൽ.പി സ്കൂളിന് മതിയായ കെട്ടിടവും കളിസ്ഥലവും നിർമ്മിക്കാനും പിന്നീട് സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും ഇവിടം ഉപകരിക്കും.