കൊല്ലം: ഞാങ്കടവ് കുടി​വെള്ള പദ്ധതി​യുടെ പൈപ്പ് സ്ഥാപിക്കാൻ​ വെട്ടിക്കുഴിച്ച അയത്തിൽ- ചെമ്മാൻമുക്ക് റോഡ് നാട്ടുകാരെ വലയ്ക്കാൻ തുടങ്ങി​യി​ട്ട് മാസം ആറായെങ്കി​ലും പരി​ഹാരം ഇനി​യുമകലെ. ഗതാഗതം നിറുത്തിവച്ച് മൂന്നാഴ്ച മുൻപ് നവീകരണ ജോലികൾ ആരംഭിച്ചെങ്കിലും അരകിലോമീറ്റർ പോലും പൂർത്തി​യാക്കാനായി​ല്ല.

അയത്തിൽ മുതൽ കാഞ്ഞിരംമൂട്, പുളിയത്ത് മുക്ക് വരെ ഒന്നര കിലോമീറ്റർ ദൈർഘ്യത്തി​ൽ റോഡി​ന്റെ മദ്ധ്യഭാഗത്താണ് ആഴത്തിൽ കുഴിയെടുത്തത്. അയത്തിൽ മുതൽ എ.ആർ.എം ഓഡിറ്റോറിയം വരെ മെറ്റൽ ഇട്ട് റോഡ് നിരപ്പാക്കിയതൊഴിച്ചാൽ ബാക്കി ഭാഗം നിറയെ കുഴികളാണ്. ഒച്ചിഴയുന്ന പോലെ നീങ്ങുന്ന ജോലികൾ അടുത്തെങ്ങും തീരുന്ന ലക്ഷണവുമില്ല. നവീകരണം ആരംഭിച്ചതോടെ ഇതുവഴിയുളള ബസ് സർവീസുകൾ നിലച്ചു. മറ്റു വലിയ വാഹനങ്ങൾക്കും യാത്ര അസാദ്ധ്യമായി. ഇരുചക്ര വാഹനങ്ങൾക്ക് കഷ്ടിച്ച് പോകാം. മഴ പെയ്താൽ പാത ചെളിക്കുണ്ടാകും. കണ്ണൊന്നു തെറ്റി​യാൽ വീഴുമെന്നുറപ്പ്. ഇരുചക്രവാഹന യാത്രക്കാർ ചെളിയിൽ തെന്നി അപകടത്തിൽപ്പെടുന്നതും പതിവായി. മഴയൊഴി​ഞ്ഞു നി​ൽക്കുമ്പോൾ കനത്ത പൊടി​ശല്യമാണ് മറ്റൊരു തലവേദന.

 പരാതിയുമായി വ്യാപാരികൾ

റോഡരികിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. സാധനം വാങ്ങാൻ ആരുമെത്തുന്നി​ല്ല എന്നാണ് ഉടമകളുടെ പരാതി​. കടകളി​ലേക്ക് ലോഡുമായി​ വാഹനങ്ങൾ എത്താത്ത അവസ്ഥയുമുണ്ട്. കൊല്ലം നഗരത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാതയായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോയി​രുന്നത്. വാഹനങ്ങൾ വഴി​തിരിച്ചു വി​ടുന്നതി​നാൽ യാത്രാദുരിതവും വർദ്ധിച്ചു.

ഒരുപാട് നാളായി സഹിക്കുന്നു. വേനലായാൽ പൊടിശല്യം. മഴയായാൽ റോഡ് നിറയെ ചെളി. ആറു മാസമായി ഞങ്ങൾ ദുരിതക്കയത്തിലാണ്. കടകളിലേക്ക് ആരും വരുന്നില്ല. സാധനങ്ങൾ വിറ്റു പോകുന്നില്ല. ആകെ ദുരിതാവസ്ഥ

രാധാകൃഷ്ണൻ, ഇടയിലേ വീട് (വ്യാപാരി)

കിട്ടുന്ന കാശ് വർക്ക് ഷോപ്പിൽ കൊടുക്കേണ്ട അവസ്ഥയാണ്. വണ്ടിക്ക് നിരന്തരം പണി വരുന്നു. റോഡിലെ കുഴിയിൽ വീണ് അപകടങ്ങളും പതിവായി

നെൽസൺ, അനീഷ് (ഓട്ടോ തൊഴിലാളികൾ)