panchayat
വിളക്കുടി ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷി യോഗം

നിർമ്മാണം 3.25 കോടി രൂപയിൽ

കുന്നിക്കോട് : കാര്യറ മണ്ണാങ്കുഴിയിൽ റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് 'പച്ചക്കൊടി'. ഇന്നലെ വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡന്റ് അദബിയ നാസറുദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് ജനപ്രതിനിധികളും റെയിൽവേ അധികൃതരും സമ്മതം അറിയിച്ചത്.

മേൽപ്പാല നിർമ്മാണത്തിന്റെ മുഴുവൻ തുകയായ 3.25 കോടി രൂപയിൽ നിന്ന് ഡി.പി.ആർ. തയ്യാറാക്കുന്നതിന് വേണ്ടി അടച്ച തുക കഴിച്ചിട്ടുള്ള ബാക്കി തുക രണ്ട് മാസത്തിനകം റെയിൽവേയ്ക്ക് നൽകണം. തുക അടക്കുന്ന മുറയ്ക്ക് ടെൻഡർ വിളിച്ച് 6 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. എം.എൽ.എ. ഫണ്ടിൽ നിന്ന് 1.50 കോടി രൂപ നൽകാൻ തയ്യാറാണെന്ന് സർവ്വകക്ഷി യോഗത്തിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എ അറിയിച്ചു. തന്റെ ഫണ്ട് വിഹിതത്തെക്കുറിച്ച് അറിയിക്കാമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും പറഞ്ഞു. ബാക്കി വരുന്ന തുക ത്രിതല പഞ്ചായത്തുകളിൽ നിന്ന് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിർമ്മാണം പുതിയ സാങ്കേതിക വിദ്യയിൽ

എലിവേറ്റഡ് റെയിൽ കം റോഡ് ക്രോസിംഗ് (ഇ.ആർ.ആർ.) എന്നാണ് ഈ സാങ്കേതിക വിദ്യയുടെ പേര്. കേരളത്തിൽ ആദ്യമായിട്ടാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. സാധാരണ ഗതിയിൽ 30 കോടിയോളം രൂപ ചെലവ് വരുന്ന മേൽപ്പാല നിർമ്മാണം ഈ സാങ്കേതിക വിദ്യയിൽ കുറഞ്ഞ നിരക്കിലും സമയത്തിലും പണി പൂർത്തിയാക്കാൻ കഴിയും. കോൺക്രീറ്റ് കൊണ്ട് ബോക്സ് ആകൃതിയിൽ നിർമ്മാണം നടത്തി അത് ക്രെയിൻ ഉപയോഗിച്ച് നിലവിലെ റെയിൽവേ പാളം ഇളക്കി മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് ബോക്സിനകത്ത് കൂടെ റെയിൽ പാളം സ്ഥാപിക്കും. ഒരു തുരങ്കത്തിന്റെ മാതൃകയിലായിരിക്കും നിർമ്മാണം. അങ്ങനെ എട്ടോളം ബോക്സുകൾ നിരനിരയായി അടുക്കി സ്ഥാപിക്കുമ്പോൾ 6 മീറ്റർ വീതിയുള്ള റോഡ് നിർമ്മിക്കാൻ സാധ്യമാകും. മണ്ണാങ്കുഴിയിൽ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം ബുദ്ധിമുട്ട് കൂടാതെ സഞ്ചരിക്കാനുള്ള 6 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. ശേഷം ഇരു വശങ്ങളിലും മണ്ണ് നിറച്ച് അപ്റോച്ച് റോഡ് നിർമ്മിക്കും.

ധനകാര്യ വകുപ്പിൽ നിന്ന് കഴിഞ്ഞ മാസം അവസാനം റെയിൽവേയ്ക്ക് ഡി.പി.ആർ. തയ്യാറാക്കുന്നതിനുള്ള തുക നൽകാൻ അനുമതി ലഭിച്ചിരുന്നു.നാളെ വിളക്കുടി ഗ്രാമപഞ്ചായത്ത് 6.80 ലക്ഷം രൂപ മധുര സീനിയർ ഡിവിഷനൽ ഫിനാൻസ് മാനേജർക്ക് കൈമാറും.

അദബിയ നാസറുദീൻ

പ്രസിഡന്റ്

വിളക്കുടി ഗ്രാമപഞ്ചായത്ത്

ഡി.പി.ആർ രണ്ട് മാസത്തിനകം തയ്യാറാക്കി നൽകും.

യൂസഫ്

സീനിയർ സെക്ഷൻ

എൻജിനീയർ