shaiju-sasi-27

ശാസ്താംകോട്ട: റെയിൽവേ പാളത്തിന് സമീപത്തുകൂടി മൊബൈൽ ഫോണിൽ സംസാരിച്ച് നടക്കവേ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പടിഞ്ഞാറെ കല്ലട വലിയപാടം തറയിൽ പുത്തൻ വീട്ടിൽ ഷൈജു ശശിയാണ് (27) മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30 ഓടെ കാരാളിമുക്ക് തലയണക്കാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം. ഷൈജു ക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പാളത്തിന് സമീപത്തൂടെ ഫോണിൽ സംസാരിച്ച് നടക്കുമ്പോൾ രണ്ട് പാതയിലൂടെയും ഒരേ സമയം ട്രെയിൻ വരുകയും പിന്നിലൂടെ വന്ന ട്രെയിൻ ഷൈജുവിന്റെ തലയ്ക്ക് പിന്നിൽ തട്ടുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അമ്മ: ഷൈലജ സഹോദരി: അനു.