drugs

കൊല്ലം: പൊലീസും എക്സൈസും നടപടി കടുപ്പിച്ചിട്ടും ജില്ലയിലെ ലഹരി കച്ചവടത്തിന്റെ വേരറുക്കാനാവുന്നില്ല. കഴിഞ്ഞ നാലു മാസത്തിനിടെ കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ കടത്തിയതിന് 159 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.

ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെയും ട്രെയിൻ മാർഗവുമാണ് കൊല്ലത്തേക്ക് കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്നത്. ചെക്ക് പോസ്റ്റ്, ട്രെയിൻ പരിശോധനകളിലാണ് കൂടുതൽ കഞ്ചാവ് പിടികൂടിയത്.

കഴ‌ിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 90 ഗ്രാം കഞ്ചാവും 640 മില്ലി ഗ്രാം എം.ഡി.എം.എയും ആര്യങ്കാവിലെ വാഹന പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയിരുന്നു. സ്ഥിരം ലഹരി കടത്ത് സംഘാംഗങ്ങളാണ് പിടിയിലായത്. കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയ സ്ത്രീയെയും കൊട്ടാരക്കരയിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയിരുന്നു.

കൊല്ലം രണ്ടാംകുറ്റിയിൽ വീടിന്റെ പിന്നിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടിയതും അടുത്ത കാലത്താണ്. ലോക്ക് ഡൗൺ കാലത്ത് ലഹരിമാഫിയ കൂടുതൽ സജീവമായെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വിദേശമദ്യത്തിന്റെ വില വർദ്ധനയും ലഹരി ഒഴുക്കിന് കാരണമായതായി ചൂണ്ടിക്കാണിക്കുന്നു.

2022 ജനുവരി - ഏപ്രിൽ

എക്സൈസ് കേസുകൾ - 92

അറസ്റ്റിലായവർ - 87

പിടിച്ചെടുത്ത കഞ്ചാവ് - 83 കിലോ ഗ്രാം

എം.ഡി.എം.എ - 1.706 ഗ്രാം

കഞ്ചാവ് ചെടികൾ - 2

പൊലീസ് കേസുകൾ - 67

പ്രതികൾ - 79

പിടിച്ചെടുത്ത കഞ്ചാവ് - 30 കിലോ 738 ഗ്രാം

എം.ഡി.എം.എ - 41.015 ഗ്രാം

ഹാഷിഷ് - 47 ഗ്രാം

കഞ്ചാവ് ഉപയോഗിച്ച കേസ് - 670

ലഹരിവസ്തുക്കൾക്കെതിരെ ശക്തമായ നടപടി തുടരും. ചെക്ക് പോസ്റ്റിൽ ഉൾപ്പെടെ വാഹന പരിശോധന ശക്തമാക്കും.

പൊലീസ് - എക്സൈസ് ഉദ്യോഗസ്ഥർ