പത്തനാപുരം: ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഗാർഫി) ഏർപ്പെടുത്തിയ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ വൈകിട്ട് 4 ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും. സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സംവിധായകൻ ഹരിഹരനും നിർമ്മാതാവ് കെ. രവീന്ദ്രനാഥൻ നായരും ആർട്ടിസ്റ്റ് നമ്പൂതിരിയും ഏറ്റുവാങ്ങും. മികച്ച ചിത്രത്തിനുള്ള അവാർഡ് 'എന്നിവർ' സംവിധാനം ചെയ്ത സിദ്ധാർത്ഥ് ശിവ ഏറ്റുവാങ്ങും. ജയരാജ് (മികച്ച സംവിധായകൻ), സുധീർ കരമന (നടൻ),
നവ്യാ നായർ (നടി), മധു നീലകണ്ഠൻ (ഛായാഗ്രാഹകൻ), ശ്യാം പുഷ്‌കരൻ (തിരക്കഥാകൃത്ത്), റഫീക്ക് അഹമ്മദ് (ഗാനരചയിതാവ്), രമേശ് നാരായണൻ (സംഗീതസംവിധായകൻ), നജീം അർഷാദ് (ഗായകൻ), നഞ്ചിഅമ്മ (ഗായിക) എന്നിവർ അവാർഡ് സ്വീകരിക്കും.
സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ ചെയർമാനും സംവിധായകരായ ആർ. ശരത്, വിജയകൃഷ്ണൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പല്ലിശ്ശേരി, ഗാന്ധിഭവൻ വൈസ് ചെയർമാനും സ്നേഹരാജ്യം ചീഫ് എഡിറ്ററുമായ പി.എസ്. അമൽരാജ് എന്നിവർ മെമ്പർമാരുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കെ.ബി. ഗണേശ് കുമാർ എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, സംവിധായകരായ വിജയകൃഷ്ണൻ, ആർ. ശരത്, ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശ്ശേരി എന്നിവർ പ്രസംഗിക്കും.