kinar

കൊല്ലം: കിണർ ദുരന്തങ്ങൾ ആവർത്തിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് വിദഗ്ദ്ധർ. ഭൂരിഭാഗം പ്രദേശങ്ങളിലും ഭൂഗർഭ ജലനിരപ്പ് ഇടിയുന്നതാണ് പ്രശ്നം. ജലലഭ്യത കുറയുമ്പോൾ ഭൂവുടമകൾ കിണറിന്റെ ആഴം കൂട്ടാൻ നിർബന്ധിതരാകും. പഴക്കമുള്ള കിണറുകൾ കൂടുതൽ ആഴത്തിൽ കുഴിക്കുമ്പോൾ മുകൾ ഭാഗത്ത് വിള്ളലുകൾ ഉണ്ടായി മണ്ണിടിയാം. കാലപ്പഴക്കം കാരണം കോൺക്രീറ്റ് റിങ്ങുകളും പൊടിഞ്ഞ് മണ്ണിടിച്ചിലുണ്ടാകും. ഇതിന് പുറമേയാണ് കിണറിനുള്ളിലെ വിഷവായുവിന്റെ സാന്നിദ്ധ്യം. വർഷങ്ങളായി വെള്ളം കോരാതിരിക്കുന്ന കിണറുകളിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിദ്ധ്യത്തിന്റെ സാദ്ധ്യത കൂടുതലാണ്. താഴേക്ക് മെഴുകുതിരി ഇറക്കി നോക്കി ഓക്സിജൻ സാന്നിദ്ധ്യം ഉറപ്പാക്കിയ ശേഷമേ ഇറങ്ങാവു. മരച്ചില്ല കെട്ടിയിറക്കി ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്ന നാടൻ രീതിയുമുണ്ട്.

ഉഗ്രശേഷിയുള്ള പമ്പുകൾ പാടില്ല

കിണർ നിർമ്മാണ തൊഴിലാളികൾ അജ്ഞത കാരണം കിണർ ഇറയ്ക്കാനും ആഴം കൂട്ടുന്നതിന് മുന്നോടിയായും ഉഗ്രശേഷിയുള്ള പമ്പുകൾ ഉപയോഗിച്ചാണ് വെള്ളം പറ്റിക്കുന്നത്. ഈ പമ്പുകൾ പ്രവർത്തിക്കുമ്പോൾ കിണറിനുള്ളിൽ ഉണ്ടാകുന്ന പ്രകമ്പനം ഭിത്തികളിൽ വിള്ളൽ സൃഷ്ടിക്കും. ഇത് പിന്നീട് മണ്ണിടിച്ചിലിന് ഇടയാക്കും.

പ്രതിരോധം റീ ചാർജിംഗ്

കിണർ ദുരന്തങ്ങൾ ഒഴിവാക്കാനും ജലലഭ്യത ഉറപ്പാക്കാനുമുള്ള പ്രധാനമാർഗം കിണർ റീചാർജിംഗാണ്. മഴവെള്ളം ഒഴുകിപ്പോകുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇതൊഴിവാക്കാൻ പുരപ്പുറത്തെയും പറമ്പുകളിലെയും മഴവെള്ളം മഴക്കുഴികൾ നിർമ്മിച്ച് ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങണം. ഒരു പഞ്ചായത്ത് വാർഡിലെ പകുതി വീടുകളിൽ കിണർ റീ ചാർജിംഗ് നടപ്പാക്കിയാൽ ആ പ്രദേശത്തെ ഭൂഗ‌ർഭ ജലനിരപ്പ് സംരക്ഷിച്ച് നിലനിറുത്താം.

ഭൂഗ‌ർഭ ജലനിരപ്പ് 1.5 മീറ്റർ താഴ്ന്നു

ഭൂഗർഭ ജലവകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ ഭൂഗ‌ർഭ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏകദേശം ഒന്നരമീറ്റർ താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ മേയിലെ കണക്ക് പ്രകാരം ചിലയിടങ്ങളിൽ പത്തുവർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ രണ്ടര മീറ്റർ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് കാര്യമായ വ്യതിയാനം ഇല്ലാത്തത്.