fire-station
നെടുവന്നൂരിൽ പത്തനാപുരം ഫയർ സ്റ്റേഷൻ്റെ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലം

2.98 കോടി ചെലവിൽ

കുന്നിക്കോട് : പത്തനാപുരം ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതിയായി. 2.98 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ അംഗീകരിച്ചതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിൽ നിന്ന് അനുമതി ലഭിച്ചത്.

ചൊർന്നൊലിക്കുന്ന ഷെഡിൽ

തലവൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന കുന്നിക്കോട് -പത്തനാപുരം ശബരി ബൈപ്പാസ് പാതയിലെ നടുവന്നൂരിലാണ് പത്തനാപുരം ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇവിടെ 2015 ഡിസംബർ 31നാണ് കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് താത്ക്കാലികമായി താമസിക്കാൻ നിർമ്മിച്ച ഷീറ്റ് മേഞ്ഞ, മഴ പെയ്താൽ ചൊർന്നൊലിക്കുന്ന ഷെഡിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. നാൽപ്പതോളം സേനാംഗങ്ങൾ 24 മണിക്കൂറും ജോലി ചെയ്തിരുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഈ ദുരവസ്ഥകൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും അഞ്ച് വർഷത്തിലധികമായി സേനാംഗങ്ങൾ ഈ ദുരിതത്തിൽ തന്നെയാണ്.

ഒടുവിൽ പുതിയ കെട്ടിട നിർമ്മാണത്തിന് 2.78 കോടി രൂപ അനുവദിച്ചപ്പോൾ ഫയർ സ്റ്റേഷൻ 2021 ജൂൺ 7ന് കുന്നിക്കോട് കാവൽപ്പുരയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും കെട്ടിടം നിർമ്മിക്കാനുള്ള ടെൻഡർ നടപടികൾ പോലും അന്ന് നടത്തിയില്ല.

ഇനി ടെൻഡർ നടപടി

നിലവിലുള്ള കെട്ടിട നിർമ്മാണ സാധനങ്ങളുടെയും കൂലിയിലുമുള്ള വർദ്ധനവ് കണക്കിലെടുത്താണ് കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് 2.98 കോടി രൂപയായി ഉയർത്തിയത്. ഇനി ടെൻഡർ നടപടികളിലേക്ക് കടക്കണം. . കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലത്ത് നിൽക്കുന്ന പാഴ്മരങ്ങൾ മുറിച്ചു മാറ്റണം. മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് ജില്ലാ കളക്ടർ തഹസിൽദാർക്ക് നൽകി.

ആവണീശ്വരം തോടിന് സമീപം

ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിന്ന് 30 സെന്റ് സ്ഥലമാണ് ആഭ്യന്തര വകുപ്പിന് വിട്ടു നൽകിയത്. ആവണീശ്വരം തോടിനടുത്തുള്ള സ്ഥലമായതിനാൽ വേനൽക്കാലത്തും വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. കൂടാതെ വീതിയേറിയ റോഡുകൾ ഈ സ്ഥലത്തിന്റെ മുന്നിലൂടെ കടന്ന് പോകുന്നതിനാൽ വലിയ വാഹനങ്ങൾക്ക് നിഷ്പ്രയാസം സഞ്ചരിക്കാനാകും. ഇതിന് പുറമേ ഫയർ സ്റ്റേഷന്റെ സ്ഥലം മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നതിനാൽ എല്ലാ ദിശയിലേക്കും വേഗത്തിൽ എത്തിച്ചേരാനും കഴിയും.