phot
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ പുനലൂർ കലയനാടിന് സമീപത്തെ കയറ്റത്തിൽ തകരാറിലായ അമിത ഭാരം കയറ്റിയെത്തിയ ലോറി

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ അപകട ഭീഷണിയാകുന്നു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും ഇവിടുന്ന് തിരിച്ചും പോകുന്ന ചരക്ക് ലോറികളാണ് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ഭീഷണിയാകുന്നത്. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള കൊടും വളവുകളിലും കുത്തിറക്കങ്ങളിലും അമിത വേഗതയിലാണ് ഈ വാഹനങ്ങൾ കടന്ന് പോകുന്നത്.

കണ്ണടച്ച് ചെക്ക് പോസ്റ്റുകൾ

ദിവസം 300 ഓളം ടിപ്പർ ലോറികളാണ് 60 ടണ്ണിലധികം ഭാരവുമായി മേൽ മൂടി പോലും ഇടാതെ റോഡിലൂടെ പായുന്നത്. കൊല്ലം,കൊട്ടാരക്കര, പത്തനാപുരം, കോന്നി, അഞ്ചൽ,പുനലൂർ, പുത്തൂർ,പത്തനംതിട്ട തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് ക്വാറി ഉത്പ്പന്നങ്ങൾ കയറ്റിയെത്തുന്ന ടിപ്പറുകളുടെ അമിത വേഗത നിയന്ത്രിക്കാനൊ, മതിയായ രേഖകൾ പരിശോധിക്കാനൊ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികളും കാൽ നടയാത്രക്കാരും പറയുന്നു. ആര്യങ്കാവിലെ വെഹിക്കിൾ ചെക്ക്പോസ്റ്റ് ഉൾപ്പെടെ നിരവധി ചെക്ക്പോസ്റ്റുകൾ കടന്നാണ് അമിത ലോഡു കയറ്റിയ വാഹനങ്ങൾ വരുന്നതും പോകുന്നതും. എന്നാൽ അവിടെയൊന്നും കാര്യമായ പരിശോധനകളില്ലെന്നാണ് ആക്ഷേപം.

നടപടികളില്ല

ദേശീയ പാതയിലെ കാലപ്പഴക്കം ചെന്ന നിരവധി പാലങ്ങൾ വഴിയാണ് അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്ന് പോകുന്നത്. പുനലൂരിന് സമീപത്തെ വാളക്കോട് മേൽപ്പാലത്തിന്റെ രണ്ട് ഭാഗങ്ങളിലും അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ പാലത്തിലൂടെ കടന്ന് വരരുതെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ അവഗണിച്ചാണ് തലങ്ങും വിലങ്ങും ചരക്ക് ലോറികൾ പായുന്നത്. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകരുന്നത് ഈ വിധം ഭാരം കയറ്റിയ ചരക്കുലോറികളാണ്. നിയമാനുസൃതമായി പറഞ്ഞിരിക്കുന്ന ഭാരത്തിനും മൂന്നിരട്ടിയാണ് ലോറികളിൽ കയറ്റുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത നടപടികളില്ലാത്തതാണ് ഈ പ്രവണത കൂടാൻ കാരണം. നിസാര പെറ്റി ചുമത്തുകയല്ലാതെ കാര്യമായ ശിക്ഷകളൊന്നും ഇല്ലാത്താണ് ലോറിക്കാ‌ർക്കും വളമാകുന്നത്.