കരുനാഗപ്പള്ളി: വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിനും മാനസികോല്ലാസത്തിനുമായി കരുനാഗപ്പള്ളി ലോർഡ്സ് പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ശ്രദ്ധേയമായി. മൂന്ന് ദിവസമാണ് ആടിയും പാടിയും വിദ്യാർത്ഥികൾ അരങ്ങ് തകർത്തത്. രക്ഷിതാക്കൾക്കും ക്യാമ്പ് പുതിയൊരു അനുഭവമായി മാറി. കൊവിഡിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. യോഗ, കരാട്ടെ, ചിത്രരചന, ഡാൻസ്, പാട്ട്, പൂന്തോട്ട നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് സിസ്റ്റർ അശ്വതി. എസ്.പിള്ളയും മദ്യം മയക്കുമരുന്ന് എന്നിവയുടെ ദോഷ ഫലങ്ങളെ കുറിച്ച് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലും ബോധവത്കരണ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി രാജ്കുമാർ, ധന്യാ സുരേഷ് എന്നിവരും ട്രാഫിക് നിയമങ്ങളെ കുറിച്ച് വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാറും കരുനാഗപ്പള്ളി ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ ഉത്തരക്കുട്ടനും ക്ലാസുകൾ എടുത്തു. ക്യാമ്പിന്റെ സമാപനദിനത്തിൽ വിദ്യാർത്ഥികൾ കൊല്ലം അഡ്വഞ്ചർ പാർക്കിലേക്ക് വിനോദ യാത്രയും ബോട്ടിംഗും സംഘടിപ്പിച്ചു. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ച് ക്ലാസെടുത്തു. ക്യാമ്പ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കുരീപ്പുഴ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. . പ്രൊഫ. ആർ.ജയചന്ദ്രൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.സുഷമാ മോഹൻ, പ്രൊഫ.പി.കെ.റെജി, കെ.ഹരികുമാർ, ഉഷാദേവി, ബിന്ദു എന്നിവർ പ്രസംഗിച്ചു.