കൊല്ലം: ജനങ്ങളെ വഴിയിൽ വലയ്ക്കാൻ തുടങ്ങിയിട്ട് മാസം നാലായി.
ഞാങ്കടവ് കുടിവെളള പദ്ധതിക്കായി നഗരമദ്ധ്യത്തിലെ ക്യു.എ.സി, റെയിൽവേ സ്റ്റേഷൻ റോഡുകൾ വെട്ടുക്കുഴിച്ച് പൈപ്പ് സ്ഥാപിച്ച ശേഷം ടാറിംഗ് നടത്തി റോഡ് പൂർവസ്ഥിതിയിലാക്കാത്തതാണ് ദുരിതത്തിന് കാരണം.
റോഡിലെ ചെളിയും അസഹനീയമായ പൊടിയും സഹിക്കാൻ വിധിക്കപ്പെട്ടവരായി മാറിയിരിക്കുകയാണ്
പ്രദേശവാസികളും വ്യാപാരികളും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവരും. റെയിൽവേ സ്റ്റേഷൻ, കോർപ്പറേഷൻ ഓഫീസ്, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, വാട്ടർ അതോറിട്ടി ഓഫീസ്, എ.ആർ ക്യാമ്പ് തുടങ്ങി പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്ന മേഖലയിലെ റോഡിനാണ് ഈ ദുർഗതി എന്ന് ഓർമ്മവേണം.
ക്യു. എ.സി റോഡിലും റെയിൽവേ സ്റ്റേഷൻ - ഫാത്തിമ മാതാ കോളേജ് ഭാഗങ്ങളുമാണ് ആദ്യ വെട്ടിപ്പൊളിച്ചത്. പൊളിഞ്ഞു കിടന്ന റോഡിലൂടെയുളള യാത്ര രണ്ടു മാസത്തോളം തീർത്തും ദുഷ്കരമായി. മഴക്കാലത്ത് റോഡിൽ ചെളിനിറഞ്ഞു, വേനലിൽ പൊടി പറന്നു. ജനങ്ങളുടെ ദുരിതം വർദ്ധിച്ചതോടെ മെറ്റലിട്ട് ഉറപ്പിച്ച് റോഡ് സഞ്ചാര യോഗ്യമാക്കി. എന്നാൽ അധികം താമസിയാതെ മെറ്റലുകൾ ഇളകി ചെളിയായിത്തുടങ്ങി. റോഡ് ടാർ ചെയ്തല്ലാതെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമില്ലെന്നതാണ് വാസ്തവം.
സംഭവം 'പൊളി'യാണ്
ക്യു.എ.സി റോഡ് മെറ്റലിട്ട് ഉറപ്പിച്ചപ്പോഴും റെയിൽവേ സ്റ്റേഷൻ മുതൽ ഫാത്തിമ മാതാ കോളേജ് വരെയുളള റോഡിനെ അധികൃർ കണ്ടില്ലെന്ന് നടിച്ചു. കുടിവെളള പദ്ധതിക്കായി വെട്ടിക്കുഴിച്ച റോഡ് മണ്ണിട്ടു നികത്തിയതല്ലാതെ ഒന്നും ചെയ്തില്ല. മണ്ണിളകി റോഡ് ചെളിക്കുണ്ടായിട്ടും ആരും അനങ്ങിയില്ല. മെറ്റലിട്ട് ഉറപ്പിക്കാൻ റോഡിൽ ആഴത്തിലെടുത്ത കുഴിയിൽ ഇപ്പോൾ ചെളിവെളളം നിറഞ്ഞു കിടക്കുകയാണ്. പ്രധാന പാതയായ മേവറം- കാവനാൽ റോഡിൽ എ.ആർ ക്യാമ്പ് ജംഗ്ഷനിൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കാൻ ഇപ്പോൾ കുഴിച്ചിട്ടിരിക്കുകയാണ്. എ.ആർ ക്യാമ്പിലേയ്ക്കുള്ള റോഡും പൈപ്പിന്റെ പേരിൽ വെട്ടിപ്പൊളിക്കാൻ തുടങ്ങിയിട്ടുണ്ട്. കാലവർഷം അടുത്ത സാഹചര്യത്തിൽ റോഡുകൾ ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുസഹമാകുമെന്നതിൽ സംശയമില്ല.
.........................................
നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന ക്യു.എ.സി, റെയിൽവേ സ്റ്റേഷൻ റോഡുകൾ നവീകരിക്കാൻ അടിയന്തര നടപടി വേണം. കഴിഞ്ഞ നാലുമാസമായി റോഡിന്റെ പല ഭാഗങ്ങളും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
മ ഴക്കാലത്തിന് മുമ്പ് നടപടി വേണം.
കെ.ശശിധരൻ, വ്യാപാരി