photo
Photo

ശാസ്താംകോട്ട: ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി , കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെ (27) അറസ്റ്റ് ചെയ്ത് 6 മാസത്തെ കരുതൽ തടങ്കലിലാക്കി. കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതൽ തടങ്കലിലാക്കിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയെ പാർപ്പിക്കുന്നത്. 2019 മുതൽ ബാദുഷ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായത്. 2022 ജനുവരിയിൽ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പിൽ വച്ച് ഒരു യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജ്യാമ്യത്തിൽ ഇറങ്ങിയ ശേഷം വിജയ ബാറിന്റെ മുൻപിൽ വച്ച് ഫെബ്രുവരി മാസം ഡി.ബി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ഡി.ബി കോളേജിൽ കെ .എസ് .യുവും എസ് .എഫ് .ഐയും ഏറ്റുമുട്ടി. തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം മേയ്1ന് മൈനാഗപ്പള്ളി ജംഗ്ഷനിൽ വച്ച് ഒരു യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജ്യാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നയാൾ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷയെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവായത്.