തൊടിയൂർ: പൊതുമരാമത്ത് റോഡരികിൽ ഓട പുതുക്കിപ്പണിഞ്ഞതോടെ നടവഴിയില്ലാതായിരിക്കുകയാണ് ഏതാനും വീട്ടുകാർക്ക്. പൊതുമരാമത്ത് റോഡിൽ നിന്ന് കുറച്ച് ഉയർന്ന് നിൽക്കുന്ന വഴിയിലൂടെയാണ് പ്ലാവിള ചന്തയ്ക്ക് വടക്ക് വശത്ത് റോഡിന് പടിഞ്ഞാറു ഭാഗത്തെ കുറച്ചു വീട്ടുകാർ സഞ്ചരിച്ചിരുന്നത്. പ്രധാന റോഡിൽ നിന്ന് ഈ റോഡിലേക്ക് കയറിയിരുന്നത് കിഴയ്ക്കാം തൂക്കായി ഇട്ടിരുന്ന സ്ലാബുകൾക്ക് മീതേ കൂടിയായിരുന്നു . പുതിയ ഓട നിർമ്മിക്കാനാരംഭിച്ചപ്പോൾ ഈസ്ലാബുകൾ ഇളക്കി റോഡിന്റെ മദ്ധ്യഭാഗത്തായി അട്ടിവച്ചു. ഓട നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും തടസപ്പെട്ടവഴി പഴയപടിയാക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ടു വീലർ പോലും കൊണ്ടു പോകാൻ കഴിയുന്നില്ല. ഊടുവഴികളിലൂടെയും മറ്റും കാൽനടയായി മാത്രമേ ഈ വീട്ടുകാർക്ക് പുറത്തിറങ്ങാനും തിരിയെ വീട്ടിലെത്താനും കഴിയൂ. തടസപ്പെട്ട വഴി പൂർവസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്ലാവിളചന്ത - തഴവ കുറ്റിപ്പുറം പി.ഡബ്ല്യൂ.ഡി റോഡിനോട് ചേർന്നുള്ളതാണ് ഈ വഴി.