paravur
പൂതക്കുളം ഇടവട്ടം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച തയ്യൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി നിർവഹിക്കുന്നു

പരവൂർ : എൻ.എസ്.എസ് 3638 പൂതക്കുളം ഇടവട്ടം കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള വാമിക സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ കരയോഗ മന്ദിരത്തിൽ വനിതകൾക്കായി തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. 40 വനിതകൾ ഉൾക്കൊള്ളുന്ന ഓരോ ബാച്ചിനും തയ്യൽ, എംബ്രോയ്ഡറി പരിശീലനം നൽകും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് പി.സോമചൂഡൻപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ അംഗം പി.സജീഷ്, ആദ്ധ്യാത്മിക പഠനകേന്ദ്രം മേഖലാ കോ- ഓഡിനേറ്റർ എസ്.അനിൽകുമാർ, കമ്മറ്റി അംഗങ്ങളായ ദീപു, ഗിരീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.

കരയോഗം സെക്രട്ടറി എസ്.ശ്രീകണ്ഠൻപിള്ള സ്വാഗതവും സ്വയംസഹായ സംഘം സെക്രട്ടറി ശാലിനി നന്ദിയും പറഞ്ഞു. താലൂക്കിലെ കരയോഗങ്ങൾ കേന്ദ്രീകരിച്ച് വനിത തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടർന്നും ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി പറഞ്ഞു.