കൊല്ലം: ഇളകിക്കിടക്കുന്ന കൂർത്ത മെറ്റൽ കാരണം യാത്ര ദുസഹമായ ഒരു റോഡ് നഗരഹൃദയമായ മുണ്ടയ്ക്കലുണ്ട്. പോളയത്തോട് റെയിൽവേ ഗേറ്റിൽ നിന്ന് തുടങ്ങി എസ്.എൻ കോളേജ് ജംഗ്ഷനിൽ ഒടുങ്ങുന്നതാണ് ഈ ദുരിതം.
കപ്പലണ്ടി മുക്ക് റെയിൽവേക്രോസിൽ നിന്ന് കുന്നേൽ പടി വരെയും തുമ്പ്ര മാർക്കറ്റിൽ നിന്ന് കുളങ്ങര വരെയുമുള്ള രണ്ട് അനുബന്ധ പാതകൾ കൂടി ഈ റോഡിൽ വന്നുചേരുന്നുണ്ട്.
രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് തകർന്ന് യാത്ര ദുഷ്കരമായപ്പോഴാണ് സി.എം.എൽ.ആർ.ആർ.പി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിന് പദ്ധതിയിട്ടത്. തുടർന്ന്, മൂന്നു റോഡുകൾ ഒരുമിച്ച് ഒരാൾ കരാറെടുത്തു. കഴിഞ്ഞ വർഷം കരാർ നൽകിയ ജോലികൾ ആരംഭിച്ചത് രണ്ടു മാസം മുമ്പാണ്. റോഡിലെ ടാർ ഇളക്കിയശേഷം മാസങ്ങളായി തുടർ ജോലികൾ ചെയ്യാതിരുന്നതാണ് നാട്ടുകാർക്ക് കിട്ടിയ ആദ്യ പ്രഹരം. ടാറും മെറ്റലും ഇളക്കിയിട്ട റോഡിലൂടെയുളള യാത്ര തീർത്തും ദുസഹമായതോടെ
നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഇതോടെ മെറ്റൽ വിരിച്ച് ഉറപ്പിച്ച് റോഡ് ഗതാഗത യോഗ്യമാക്കി. പിന്നീട് കരാറുകാരൻ അതുവഴി വരാതെയായതോടെ വിരിച്ച മെറ്റൽ ഇളകി വീണ്ടും നാട്ടുകാർക്ക് ശനിദശയായി.
ഇളകിക്കിടക്കുന്ന മൂർച്ചയേറിയ കല്ലിൽ ചവിട്ടി നടക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ നാട്ടുകാർ. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വാഹനങ്ങളുടെ ടയറുകൾ കല്ലിൽ കയറി പഞ്ചറാകുന്നതും പതിവാണ്.
ദിവസേന അഞ്ഞൂറോളം ആളുകൾ യാത്രചെയ്യുന്ന റോഡിനാണ് ഈ ഗതികേട്. കൊല്ലത്തെ പ്രധാന പാതകളിലൊന്നായ മേവറം - ചിന്നക്കട റോഡിൽ എസ്. എൻ കോളേജ് ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടാൽ ഈ റോഡിലൂടെ വേണം വാഹനങ്ങൾ തിരിച്ചുവിടാൻ.
കുടിവെളളവും മുട്ടിച്ചു
റോഡ് വെട്ടിപ്പൊളിക്കുന്നതിനിടെ ഓട നിർമ്മിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും
ഓടയുടെ മാൻ ഹോൾ ഉൾപ്പെടെ ജോലികൾ പൂർത്തിയായില്ല. ഇതോടെ
വാട്ടർ അതോറിട്ടി പൈപ്പ് ലൈനിലെ ജലവിതരണം മുടങ്ങി. നിരവധി വീടുകളിൽ കുടിവെളളവും മുട്ടി.
...........................................
കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ജോലികൾ നീളാൻ കാരണം. കരാർ കാലാവധി കഴിഞ്ഞു. എത്രയും വേഗം ജോലികൾ തീർത്ത് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണം.
കുരുവിള ജോസഫ്,
വാർഡ് കൗൺസിലർ