
കൊല്ലം: നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടത്തിചികിത്സ നിലച്ചു. ആശുപത്രിയിലെ സിവിൽ സർജൻ അവധിയിൽ പോയതിനാൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ ഡോക്ടർമാരില്ലെന്ന ന്യായം പറഞ്ഞാണ് മൂന്നാഴ്ച മുമ്പ് ആരംഭിച്ച കിടത്തിചികിത്സ നിർത്തിവച്ചത്.
എൻ.എച്ച്.എമ്മിൽ നിന്ന് നിയമിച്ച ഒരാളടക്കം ആശുപത്രിയിൽ അഞ്ച് ഡോക്ടർമാരാണുള്ളത്. ഇതിൽ സൂപ്രൂണ്ടായ സിവിൽ സർജൻ അപകടത്തെത്തുടർന്ന് ഒരാഴ്ച മുമ്പ് അവധിയിൽ പോയി. ഇതോടെ ഡോക്ടർമാരുടെ അംഗബലം നാലായി.നൈറ്റ് ഡ്യൂട്ടി നോക്കേണ്ടാത്ത സൂപ്രണ്ട് അവധിയിൽ പ്രവേശിച്ചുവെന്ന മുടന്തൻ ന്യായം പറഞ്ഞ് ഡോക്ടർമാർ നൈറ്റ് ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ചു എന്നതാണ് സത്യം. ഇവിടെ ചികിത്സയിലായിരുന്ന ഒരു രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ്ജ് ചെയ്തതായും ആക്ഷേപമുണ്ട്.
ആരോട് പറയാൻ,
ആര് കേൾക്കാൻ
ആശുപത്രിയിലെ കിടത്തിചികിത്സ തുടരാൻ ഒരു ഡോക്ടറെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് എൻ.എച്ച്.എമ്മിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ അതിന് തയ്യാറായിട്ടില്ല.
അതുകൊണ്ട് തന്നെ, കിടത്തിചികിത്സ ആവശ്യമുള്ളവർ അധിക പണം ചെലവാക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മൂന്ന് മാസം മുമ്പ് നിലച്ച ജലവിതരണവും ആശുപത്രിയിൽ ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കിടത്തിചികിത്സയിലുള്ളവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ രാവിലെ വീട്ടിലേക്ക് ഒാടേണ്ട അവസ്ഥയാണ്.