കൊല്ലം: വധശ്രമവും കവർച്ചയുമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കരുനാഗപ്പള്ളി, തൊടിയൂർ വഞ്ചിവടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽഖാൻ (26) ആണ് ജയിലിലായത്.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നാല് വധശ്രമം, രണ്ട് കവർച്ച അടക്കം ഏഴ് കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഫൈസൽ ഖാൻ. കൊറ്റംപ്പള്ളി ക്രിസ്ത്യൻ പള്ളിക്ക് സമീപം വച്ച് അജയഘോഷ് എന്നയാളെ ഇരുമ്പ് പൈപ്പ് വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് ഒരു കേസ്. മണപ്പളളി ജംഗ്ഷനിലൂടെ രാത്രിയിൽ കാറിൽ വന്ന സന്ദീപ് എന്നയാളിനെ കാർ തടഞ്ഞ് ആക്രമിച്ച്‌ മൊബൈൽ കവർന്നു, കരുനാഗപ്പള്ളി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന് സമീപം റോഡിലൂടെ അർദ്ധരാത്രിയിൽ ബൈക്കിൽ വന്ന യുവാവിനെ ആക്രമിച്ച് രണ്ട് പവൻ സ്വർണമാലയും മൊബൈൽ ഫോണും കവർന്നു. ഇങ്ങനെ നീളുന്നു പ്രതിക്കെതിരായ കേസുകൾ.

കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഫൈസൽഖാനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.