photo
വള്ളിക്കാവ് ജംഗ്ഷൻ.

കരുനാഗപ്പള്ളി: ഇത്രയേറെ തിരക്കുള്ള ഒരു പട്ടണത്തിൽ ഒരു വെയിറ്റിംഗ് ഷെഡില്ലെന്ന് പറഞ്ഞാൽ അത് ആശ്ചര്യമാകും. കുലശേഖരപുരം പഞ്ചായത്തിന്റെ വ്യവസായ കേന്ദ്രമായ വള്ളിക്കാവിലാണ് ഈ ദുസ്ഥിതി. മഴയായാലും വെയിലായാലും വള്ളിക്കാവിലെത്തുന്ന യാത്രക്കാർക്ക് ഒന്ന് കയറി നിൽക്കാനോ വിശ്രമിക്കാനോ ഇടമില്ലാതെ വലയുകയാണ്. പലരും കടത്തിണ്ണകളെയാണ് 'വെയിറ്റിംഗ് ഷെഡായി ' കണക്കാക്കുന്നത്.

തിരക്കേറിയയിടം

കൊവിഡിന് മുമ്പ് വരെ നിരവധി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും വള്ളിക്കാവ് വഴി സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ബസുകളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും യാത്രാരുടെ എണ്ണത്തിൽ കുറവില്ല. അമൃതാ എൻജിനീയറിംഗ്, ആയുർവേദ , മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ച് തുടങ്ങി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ വള്ളിക്കാവിൽ എത്തിയാണ് മറ്റിടങ്ങളിലേക്ക് പോകുന്നത്. ബാങ്കുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും വള്ളിക്കാവിലുണ്ട്. അതുകൊണ്ട് തന്നെ ആൾത്തിരക്കിന് ഒരു കുറവുമില്ല.

അടിയന്തര നടപടി വേണം

ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രവും വള്ളിക്കാവിലാണ് പ്രവർത്തിക്കുന്നത്. ചില അവസരങ്ങളിൽ ബസ് കാത്ത് ദീർഘ നേരം യാത്രക്കാർക്ക് നിൽക്കേണ്ടി വരും. സുരക്ഷിതമായി നിൽക്കാൻ ഒരിടമില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. യാത്രക്കാർ കടകളുടെ മുന്നിൽ നിൽക്കുന്നത് കച്ചവടത്തെ ബാധിക്കുമെന്നാണ് കടക്കാരുടെ പരാതി. മഴ തുടങ്ങിയാൽ യാത്രക്കാർ വല്ലാതെ ബുദ്ധിമുട്ടും. വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.