കുന്നിക്കോട് : കാര്യറ മണ്ണാങ്കുഴി റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് ആവശ്യമായ ഡി.പി.ആർ. തയ്യാറാക്കുന്നതിന് വേണ്ടിയുള്ള തുക കൈമാറി. 6.80ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റാണ് ഗ്രാമപഞ്ചായത്ത് റെയിൽവേയ്ക്ക് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, ഗ്രാമപഞ്ചായത്തംഗം ഉസൈബബീവി എന്നിവരടങ്ങുന്ന സംഘമാണ് റെയിൽവേ മധുര ഡിവിഷണൽ ഓഫീസിൽ നേരിട്ടെത്തി ഡ്രാഫ്റ്റ് കൈമാറിയത്. ഡിവിഷണൽ എൻജിനീയറിംഗ് സെക്ഷൻ ഓഫീസർ സെൽവരാജാണ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങിയത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് മേൽപ്പാലം നിർമ്മിക്കാനായി ഒരു ഗ്രാമപഞ്ചായത്ത് റെയിൽവേയ്ക്ക് ഫണ്ട് കൈമാറുന്നത്. അതുകൊണ്ടു തന്നെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് റെയിൽവേയ്ക്ക് കൈമാറുന്നതിൽ നിരവധി സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടു. ഒടുവിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് തുക കൈമാറിയത്.
അദബിയ നാസറുദ്ദീൻ
പ്രസിഡന്റ്
വിളക്കുടി ഗ്രാമപഞ്ചായത്ത്