കൊല്ലം: റോഡ് നവീകരിക്കാൻ ടാർ കുത്തിയിളക്കി മെറ്റൽ വിരിച്ചപ്പോൾ നാട്ടുകാർ വലിയ ആവേശത്തിലായിരുന്നു. റോഡ് അടിപൊളിയാകും,വാഹനങ്ങൾ പറപറക്കും...എന്നെല്ലാം അവർ സ്വപ്നം കണ്ടു. എന്നാൽ, വർഷം മൂന്നായിട്ടും നാട്ടുകാരുടെ ദുരിതത്തിന് ഒരു അവസാനവുമില്ലെന്നതാണ് സത്യം. പുളിയത്ത് മുക്കിൽ നിന്ന് ആരംഭിച്ച് ഈഴവ പാലം വഴി പാൽക്കുളങ്ങര ക്ഷേത്രം ചുറ്റി കല്ലുംതാഴം പെട്രോൾ പമ്പിന് സമീപം അവസാനിക്കുന്ന റോഡ് ഇപ്പോൾ നാട്ടുകാരുടെ പേടി സ്വപ്നമാണ്.
റോഡിന്റെ വീതികൂട്ടലും അത് ചെന്നുചേരുന്ന ഈഴവ പാലത്തിന്റെ നവീകരണവും ലക്ഷ്യമിട്ട് മൂന്ന് വർഷം മുമ്പ് തുടങ്ങിയതാണ് പദ്ധതി.
വലിയ കുഴപ്പമില്ലാതെ കിടന്ന റോഡിന്റെ ഇരുവശവും വെട്ടിക്കുഴിച്ച് മെറ്റൽ വിരിച്ചു. പിന്നെ അങ്ങോട്ട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
ടാറും മെറ്റലും ഇളകി കാൽ നട യാത്ര പോലും ദുഷ്ക്കരമായ അവസ്ഥയിലാണ്. ഇരുചക്രവാഹന യാത്ര പോലും കഴിയാത്ത അവസ്ഥ. ഒന്നുകിൽ കല്ലിൽ തട്ടി വാഹനം അടി തെറ്റും, അല്ലെങ്കിൽ പഞ്ചറാകും.
രണ്ടുകിലോമീറ്റർ വരുന്ന റോഡ് പരിസരപ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളുടെ ആശ്രയമാണ്. കല്ലുംതാഴത്തിനും അയത്തിൽ ജംഗ്ഷനും മദ്ധ്യേ ഗതാഗത തടസമുണ്ടായാൽ വാഹനങ്ങൾ തിരിച്ചുവിടുന്ന പാത കൂടിയാണിത്.
റോഡിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടന്നെങ്കിലും അധികൃതർ അനങ്ങിയില്ല. കരാർ റദ്ദാക്കി പുതിയത് കരാർ നൽകുമെന്ന് പറയുന്നതല്ലാതെ അക്കാര്യത്തിലും നടപടിയായില്ല.
അപ്രോച്ച് ശരിയല്ല
2019ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പാലം പൂർത്തിയാക്കി അപ്രോച്ച് റോഡിൽ മെറ്റൽ നിരത്തുകയും ചെയ്തു. അപ്പോഴാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. അതോടെ
ജോലികൾ നിശ്ചലമായി. എന്തെങ്കിലും ഒരു ജോലി നടന്നിട്ട്
രണ്ടു വർഷമായി. കരാറുകാരൻ ജോലി ഉപേക്ഷിച്ച മട്ടാണ്.
....................................................................................................
മൂന്നു വർഷമായി ജനം ദുരിതത്തിലാണ്. ജനപ്രതിനിധികളുടെ അനാസ്ഥയാണ് നിർമ്മാണം നീളാൻ കാരണം. എത്രയും വേഗം റോഡ് ടാർ ചെയ്ത് ദുരിതത്തിന് പരിഹാരം കാണണം.
എസ്. മണികണ്ഠൻ, വൈസ് പ്രസിഡന്റ്,
കോൺഗ്രസ് പാൽക്കുളങ്ങര മണ്ഡലം കമ്മിറ്റി