
ചവറ: ഭർത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ നെട്ടോട്ടമോടിയിരുന്ന വൃദ്ധയായ തങ്കമണിയെയും വിധി വേട്ടയാടുകയാണ്. പലവിധ രോഗങ്ങളും പ്രായാധിക്യവും കാരണം ജോലിക്ക് പോകാൻ കഴിയാത്ത ചവറ ചെറുശേരിഭാഗം നെടിയേഴത്ത് വടക്കേ തറയിൽ വീട്ടിൽ സതീഷ് പ്രകാശിന്റെ ഭാര്യ തങ്കമണിയെ (62) കാൻസർ കീഴ്പ്പെടുത്തി. സുമനസുകളുടെ സഹായം ഉണ്ടെങ്കിലേ ഇനി തങ്കമണിയുടെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകൂ.
തങ്കമണി - സതീഷ് പ്രകാശ് ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. വർഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതം സംഭവിച്ച സതീഷ് പ്രകാശിന് ഏറെക്കാലമായി ജോലി ചെയ്യാനാകുന്നില്ല. രണ്ട് മക്കളെയും വിവാഹം കഴിപ്പിച്ചു. മൂത്തമകളും കുടുബവും ഒപ്പം താമസിക്കുന്നുണ്ട്. മൂത്തമകളുടെ ഭർത്താവിന് കൂലിപ്പണിയാണ്. പക്ഷെ എല്ലാദിവസവും തൊഴിൽ കാണില്ല. ഇതിനിടയിലാണ് രണ്ടുമാസം മുമ്പ് തങ്കമണിക്ക് രക്താർബുദം സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയിലായിരുന്നു ആദ്യ ഡയാലിസിസ്. ചവറയിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്തതിനാൽ സമീപത്തെ സ്വകാര്യആശുപത്രിയിൽ ഡയാലിസിസിനായി വൻതുക ചെലവിടേണ്ടി വരുന്നു. ഇതിന് പുറമേ ആർ.സി.സിയിലെ ചികിത്സയ്ക്കും പണം വേണം.
ഈ കുടുംബത്തിന് സമ്പാദ്യങ്ങളില്ല. വിൽക്കാൻ ഭൂമി അടക്കമുള്ള ആസ്തികളുമില്ല. സുമനസുകളുടെ കാരുണ്യത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ. സതീഷ് പ്രകാശിന്റെ അക്കൗണ്ടിലേക്ക് ചെറിയ സംഭാവനകൾ നൽകാം. എസ്.ബി.ഐ ചവറ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ: 67299700195. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070055. ഫോൺ: 9074794287.