photo
കുട്ടികളുടെ ചിത്ര രചനാ മത്സരം.

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ പ്രചാരണത്തിനായി കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേഖലാ കലോത്സവം ശ്രദ്ധേയമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള വനിതാ സംഘം പ്രവർത്തകരും കുഞ്ഞുങ്ങളുമാണ് മത്സരത്തിൽ പങ്കെടുത്തത്. 6 മുതൽ 50 വയസ് വരെയുള്ളവർ മത്സരത്തിൽ പങ്കാളികളായി. എസ്.എൻ കോളേജിലും ഓഡിറ്റോറിയത്തിലും 10 മത്സര വേദികളാണ് തയ്യാറാക്കിയിരുന്നത്. 700 ഓളം പേർ മത്സരങ്ങളിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. ഉപന്യാസം, ചിത്രരചന, വ്യാഖ്യാനം, ഗുരുദേവ കൃതികളുടെ ആലാപനം, പ്രസംഗം, വടംവലി തുടങ്ങി 26 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് വൈക്കത്ത് നടത്തുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. ശ്രീനാരായണ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ഗുരുദേവ കൃതികളുടെ ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചു. രാവിലെ 9 ന് ആരംഭിച്ച കലോത്സവം രാത്രി 7 ഓടെയാണ് സമാപിച്ചത്. രാവിലെ 8.30 ന് യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കലാപരിപാടികളുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എ.സോമരാജൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ ആശംസകൾ അർപ്പിച്ചു.