കരുനാഗപ്പള്ളി: ക്ലാപ്പനയിലെ പലമേഖലകളിലേക്കും മതിയായ ബസ് സൗകര്യമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതിൽ കാണിക്കുന്ന അലംഭാവമാണ് ഈ യാത്രാ ക്ലേശം രൂക്ഷമാക്കാൻ കാരണം.

വള്ളിക്കാവ് വഴി ഓട്ടം പോകാനുണ്ടോ...

കൊവിഡിനെ തുടർന്ന് വള്ളിക്കാവ് വഴിയുള്ള എല്ലാ ബസുകളും കെ.എസ്.ആർ.ടി.സി റദ്ദ് ചെയ്തിരുന്നു. സ്വകാര്യ ബസുകളുടെ ഓട്ടവും നിലച്ചിരുന്നു. കൊവിഡിന് മുമ്പ് വരെ കായംകുളം , കരുനാഗപ്പള്ളി ഡിപ്പോകളിൽ നിന്നായി 8 ബസുകളാണ് വള്ളിക്കാവ് വഴി സർവീസ് നടത്തിയിരുന്നത്. 10 ഓളം സ്വകാര്യ ബസുകളും ഓടിച്ചിരുന്നു. പുലർച്ചെ 5.10 ന് വള്ളിക്കാവിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന ഒരു ഓർഡിനറി ബസും 5 മണിക്ക് എറണാകുളത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ ബസും സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഈ സർവീസുകളൊന്നും പുനരാരംഭിച്ചിട്ടില്ല. നിലവിൽ 2 ബസുകൾ മാത്രമാണ് ഇതു വഴി സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾ ഒന്നും തന്നെ വള്ളിക്കാവ് വഴി ഓടുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം പഴയതു പോലെ തുറന്ന് പ്രവർത്തിച്ച് തുടങ്ങി. അമൃതാ കാമ്പസിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ച് തുടങ്ങി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്. ബസ് സർവീസ് ഇല്ലാത്തതിനാൽ കുട്ടികൾക്ക് യഥാ സമയം കോളേജിൽ എത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.

കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും കനിയണം

ബസ് സർവീസ് നിലച്ചതോടെ ഒരു പ്രദേശം മൊത്തം ഒറ്റപ്പെട്ട നിലയിലാണ്. ക്ലാപ്പന നിവാസികൾക്ക് വവ്വാക്കാവിലോ, ഓച്ചിറയിലോ എത്തിയെങ്കിൽ മാത്രമേ തുടർ യാത്ര സാദ്ധ്യമാകുകയുള്ളു. അതിന് ആദ്യം ഓട്ടോറിക്ഷകളെ ആശ്രയിക്കണം. വള്ളിക്കാവിൽ നിന്നു് വവ്വാക്കാവിൽ എത്തണമെങ്കിൽ 120 രൂപാ ഓട്ടോറിക്ഷാ ചാർജ്ജ് നൽകണം. ദിവസവും ഇത്രയും പണം മുടക്ക് യാത്ര ചെയ്യാൻ സാധാരണക്കാർക്ക് കഴിയുകയില്ല. നാട്ടുകാരെ യാത്രാ ദുരിതത്തിൽ നിന്ന് കരകയറ്റാൻ കെ.എസ്.ആർ.ടി.സി അധികൃതരും സ്വകാര്യ ബസ് ഉടമകളും നിറുത്തി വെച്ച സർവീസുകൾ പുനരാരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.