പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ ചന്ദ്രശേഖരൻ, ലക്ഷ്മി, ഭുവനേശ്വരി,ജയൻ മഹേഷ്, ബിനുകാർത്തിക എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം തെന്മല 40-ാം മൈലിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. തിരുനെൽവേലിയിൽ പോയിട്ട് കൊല്ലത്തേക്ക് വന്ന കാറും പുനലൂർ ഭാഗത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ടെത്തിയ ലോറി കാറിൽ ഇടിച്ച ശേഷം സമീപത്തെ മരത്തിൽ ഇടിച്ച് കയറുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശിയ പാതയിൽ ഗതാഗതം ഭാഗികമായി മുടങ്ങി. സമീപവാസികൾ എത്തി കാർ റോഡിൽ നിന്ന് തള്ളിമാറ്റിയിട്ട ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സംഭവം അറിഞ്ഞ തെന്മല പൊലീസ് എത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.