mudakkal
മുണ്ടയ്ക്കൽ പാലം - ബീച്ച് റോഡ്

 മഴക്കാലമെത്തിയത് അറ്റകുറ്റപ്പണി തുടങ്ങാനിരിക്കെ

കൊല്ലം: അറ്റക്കുറ്റപ്പണിക്ക് കരാറായിട്ടും മുണ്ടയ്ക്കൽ പാലം - ബീച്ച് റോഡിന്റെ കഷ്ടകാലം ഒഴിയുന്നില്ല. ഇന്ന് നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് മഴ ശക്തമായത്. ഒരാഴ്ചയെങ്കിലും മഴ മാറി നിൽക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ കഴിയുവെന്നാണ് അധികൃതർ പറയുന്നത്. കാലവർഷം നേരത്തെ എത്തിയ സാഹചര്യത്തിൽ റോഡിന്റെ കഷ്ടകാലം മാറാൻ ഇനിയും കാത്തിരിക്കണമെന്ന് സാരം.

രണ്ടാമത്തെ റീ ടെണ്ടറിലാണ് കല്ലുപാലം മുതൽ മുണ്ടയ്ക്കൽ പാലം വരെയുള്ള റോഡിന്റെ നവീകരണം കരാറായത്. നാല് മാസം മുമ്പുള്ള ആദ്യ ടെണ്ടറിലും പിന്നീടുള്ള റീ ടെണ്ടറിലും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. 25 ലക്ഷം രൂപയുടേതാണ് ഇപ്പോഴത്തെ കരാർ. പൂർണമായി തകർന്നുകിടക്കുന്ന മുണ്ടയ്ക്കൽ പാലം മുതൽ ബീച്ച് വരെ റീ ടാറിംഗും ബാക്കിയുള്ള സ്ഥലത്ത് കുഴിയടപ്പുമാണ് കരാറിലുള്ളത്.

വാഹനങ്ങൾക്ക് മാത്രമല്ല കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുണ്ടയ്ക്കൽ പാലം- ബീച്ച് റോഡ്. വാഹനങ്ങളുടെ ടയർ ഒരു കുഴിയിൽ നിന്ന് കയറി തൊട്ടടുത്ത നിമിഷം അടുത്ത കുഴിയിൽ വീഴും. വേറെ വഴിയില്ലാത്തതിനാൽ പ്രദേശവാസികൾ ഈ ദുരിതം സഹിക്കുന്നുവെന്ന് മാത്രം. മഴവെള്ളം കെട്ടിയതോടെ റോഡിലെ കുഴികൾ തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.

വികസനമില്ല,​

അറ്റകുറ്റപ്പണി

മുണ്ടയ്ക്കൽ പാലം മുതൽ ബീച്ച് വരെ കൊല്ലം തോടിന്റെ കരയിലൂടെയുള്ള റോഡ് തകർന്നുതരിപ്പണമായിട്ട് അഞ്ച് വർഷത്തിലേറെയാകുന്നു. മൂന്ന് വർഷം മുമ്പ് കല്ലുപാലം മുതൽ മയ്യനാട് വരെയുള്ള റോഡ് നവീകരണ പദ്ധതിയിൽ ഈ പ്രദേശവും ഉൾപ്പെട്ടിരുന്നതാണ്. ഉൾനാടൻ ജലഗതാഗത വകുപ്പുമായുണ്ടായ അതിർത്തി തർക്കത്തെ തുടർന്ന് അന്ന് നിർമ്മാണം മുടങ്ങി. അന്നത്തെ എസ്റ്റിമേറ്റ് തുകയായ 25 കോടിക്ക് കല്ലുപാലം മുതൽ മുണ്ടയ്ക്കൽ പാലം വരെയുള്ള റോഡ് വികസനം ആരും ഏറ്റെടുക്കാൻ തയ്യാറായി​ല്ല. തുടർന്ന്, എസ്റ്റിമേറ്റ് തുക 50 കോടിയായി ഉയർത്തിയെങ്കിലും സർക്കാരിന്റെ അനുമതി ലഭിച്ചില്ല. പിന്നീട് 30 കോടിയാക്കി ടെണ്ടർ ചെയ്തെങ്കിലും അപ്പോഴും ആരും അടുത്തില്ല. തീരദേശ ഹൈവേ ഇതുവഴി വരുന്ന സാഹചര്യത്തിൽ 25 ലക്ഷം ചെലവിട്ട് ചില അറ്റകുറ്റപ്പണികൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്.