tree-fall
ആവണീശ്വരം റെയിൽവേ സ്റ്റേഷൻ്റെ സമീപത്ത് റോഡിന് കുറുകേ വീണ മരം പത്തനാപുരം അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചു മാറ്റുന്നു

കുന്നിക്കോട് : ശക്തമായ മഴയിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന മരം വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്നലെ വെളുപ്പിന് 5 മണിയോടെ റെയിൽവേ സ്‌റ്റേഷന്റെ പരിസരത്ത് നിന്ന മരം റോഡിന് കുറുകേ വീണ് കുന്നിക്കോട് - പത്തനാപുരം ശബരി ബൈപ്പാസ് പാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. പത്തനാപുരം അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് മാറ്റി രാവിലെ 7.30തോടെ ഗതാഗതം ഭാഗീകമായി തുറന്ന് കൊടുത്തു. 11 മണിയോടെ ഗതാഗതം പൂർണമായി പുനസ്ഥാപിച്ചു. മരച്ചില്ലകൾ റോഡിന് കുറുകേയുള്ള വ്യാപര സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ പതിച്ച് ഷീറ്റും ബോർഡുകളും തകർന്നു. സദാശിവന്റെ വീടിന്റെ മുകളിൽ മരം വീണ് ഓടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിന് പുറമേ മരചില്ലകൾ വൈദ്യുത കമ്പികളുടെ മുകളിൽ വീണ് മൂന്ന് പോസ്റ്റുകൾക്കും ഹൈടെൻഷൻ കമ്പികൾക്കും തകരാർ സംഭവിച്ചു.

റെയിൽവേ പരിസരത്തെ അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു. വിളക്കുടി ഗ്രാമപഞ്ചായത്ത് വാർഡംഗം ബി.ഷംനാദ് റെയിൽവേ അധികൃതർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആഴ്ചകൾക്ക് മുൻപ് മരങ്ങൾ മുറിച്ച് മാറ്റാൻ അനുമതി നൽകി.പക്ഷേ ചില സാങ്കേതിക തടസങ്ങളാലും പ്രതികൂല കാലാവസ്ഥ മൂലവും എല്ലാ മരങ്ങളും മുറിച്ച് മാറ്റാൻ കഴിഞ്ഞില്ല. അനുവദിച്ച സമയം കഴിഞ്ഞതോടെ വീണ്ടും മരം മുറിച്ച് മാറ്റാൻ അനുമതി തേടിയതിനിടെയാണ് അന്ന് മുറിച്ച് മാറ്റാൻ അനുമതി ലഭിച്ച മരം ഇന്നലെ വീണത്.