ശാസ്താംകോട്ട: എല്ലാവർക്കും കുടിവെള്ളം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിയുടെ പൈപ്പ് ഇടീൽ കാരണം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ റോഡുകൾ തകർന്നു. അതോടെ ഈ റോഡുകളിൽ അപകടവും പതിവായി. പ്രധാന പൈപ്പുകൾ സ്ഥാപിക്കുന്നതിനും വീടുകളിലേക്ക് കണക്ഷൻ നൽകുന്നതിനുമായി റോഡിന് കുറുകെ എടുക്കുന്ന കുഴികൾ വേണ്ട വിധത്തിൽ നികത്താതെ പോകുന്നതാണ് ഇത്തരത്തിൽ റോഡ് തകർക്കുന്നത്. റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെടുന്നില്ല. ഇനി വലിയ അപകടങ്ങളുണ്ടായി ആളുകളുടെ ജീവനെടുക്കും വരെ കാത്തിരുന്നാലേ നടപടിയുണ്ടാകൂവെന്നും ആക്ഷേപമുണ്ട്.
കുഴികൾ നിറഞ്ഞ് റോഡ്
അടുത്ത കാലത്ത് ടാറിംഗും കോൺക്രീറ്റും ചെയ്ത റോഡുകളാണ് പൈപ്പിടാൻ വെട്ടിപ്പൊളിച്ചത്.ഇപ്പോൾ റോഡ് തകർന്ന് തരിപ്പണമായി. ഒരേ റോഡിൽ തന്നെ നിരവധി കുഴികളുള്ളതിനാൽ വാഹനഗതാഗതം വളരെ ഏറെ ബുദ്ധിമുട്ടിലും അപകടകരവുമാണ്. കഴിഞ്ഞ ദിവസം കുറ്റിയിൽ മുക്കിന് സമീപം ഇത്തരത്തിൽ തകർന്ന റോഡിൽ മൂന്ന് വാഹനങ്ങളാണ് ഒരേ പോലെ അപകടത്തിൽപ്പെട്ടത് . പൈപ്പ് ഇടൽ പൂർത്തിയാക്കുന്നതോടെ കുഴി എടുത്ത ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്ത് നന്നാക്കണമെന്ന് കരാർ ഉണ്ടെങ്കിലും ഇനിയും ഇതിന് നടപടി ഉണ്ടായിട്ടില്ല.