ഒരു വീട് തകർന്നു, മതിൽ തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്
കൊല്ലം: മുണ്ടയ്ക്കൽ പാപനാശനത്തിനും ബീച്ചിനുമിടയിൽ കഴിഞ്ഞ ദിവസം രാത്രി രൂപംകൊണ്ട ശക്തമായ കടൽക്ഷോഭത്തിൽ ഒരു വീട് തകർന്നു. ക്ഷേത്രത്തിന്റെ മതിൽ തകർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. നിരവധി വീടുകൾ ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്.
വീടിനോട് ചേർന്നുള്ള മാരിയമ്മൻ ക്ഷേത്രത്തിന്റെ മതിൽ തകർന്നാണ് പുതുവൽ പുരയിടത്തിൽ സോണിശാന്തിക്ക്(42) പരിക്കേറ്റത്. പുതുവൽപുരയിടത്തിൽ മേഴ്സി ജോയിയുടെ വീടാണ് തകർന്നത്. സോണി ശാന്തിയുടെ വീട് ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയാണ്. ഈ ഭാഗത്ത് 40 മീറ്ററോളം നീളത്തിൽ കടൽ ഉള്ളിലേക്ക് കയറിയിട്ടുണ്ട്. താന്നി മുതൽ ബീച്ച് ഭാഗത്തേക്ക് പുലിമുട്ട് നിർമ്മാണം നടന്നുവരികയാണ്. പാപനാശനത്തിന് സമീപം പുലിമുട്ട് നിർമ്മാണം തുടങ്ങിയതോടെയാണ് സെന്റ് ജോർജ്ജ് പള്ളിക്ക് സമീപം കടൽകയറ്റം രൂക്ഷമായത്. തീരത്തോട് ചേർന്നുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി റവന്യു വകുപ്പ് ആരംഭിച്ചിട്ടുണ്ട്.