എഴുകോൺ : കരീപ്രയിലെ നടമേൽ കല്ലാർ മുന്നൂർ റോഡിൽ യാത്ര ദുഷ്കരമായി. നടമേൽ മുതൽ കല്ലാർ വരെ മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്. ഇത് പൂർണമായും തകർന്ന് മെറ്റൽ ഇളകിയ നിലയിലാണ്. കല്ലാറിൽ നിന്ന് മുന്നൂർ വരെയുള്ള 500 മീറ്റർ ഭാഗം ടാറിംഗ് നടത്തിയിട്ടില്ല. മഴ പെയ്ത് തുടങ്ങിയതോടെ റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപം കൊണ്ട് കാൽനട യാത്രയും ദുഷ്കരമായ നിലയിലാണ്.
70 ലക്ഷം രൂപ ചെലവഴിച്ച്
2017 ൽ പി.ഐഷാ പോറ്റിയുടെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ചാണ് ഇത്രയും ഭാഗത്ത് റോഡ് നിർമ്മിച്ചത്. കല്ലാറിനെയും മുന്നൂരിനെയും ബന്ധിപ്പിക്കാനായിരുന്നു ഇത്. രണ്ട് കലുങ്ക് ഉൾപ്പെടെയുള്ള നിർമ്മാണത്തിന് 70 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മുന്നൂർ ഏലായിലെ നിരവധി കർഷകർ കാർഷിക വൃത്തിക്കാവശ്യമായ സാമഗ്രികൾ കൊണ്ട് പോകുന്നതിന് ആശ്രയിക്കുന്നത് ഈ പാതയെയാണ്. മുന്നൂർ ക്ഷേത്രത്തിലേക്ക് സുഗമമായി എത്താനുള്ള റോഡ് കൂടിയാണിത്.