
കൊല്ലം: കേരള ബാങ്കിന് കൊല്ലത്ത് റീജിയണൽ ഓഫീസ് അനുവദിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രഥമ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. റീജിയണൽ ഓഫീസ് തിരുവനന്തപുരത്താണെങ്കിലും കൊല്ലത്തെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് കൊല്ലം സി.പി.സിയിലാണ്. ഒരു ഡി.ജി.എം മാത്രമാണ് ഇവിടെയുള്ളത്. ശാഖകളുടെ ബാഹുല്യം പരിഗണിച്ച് കൊല്ലത്തും റീജിയണൽ ഓഫീസ് അടിയന്തരമായി അനുവദിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. പി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. യാത്രഅയപ്പ് സമ്മേളനം ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി വി. സുഭാഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റായി പി.രാജേന്ദ്രനെയും സെക്രട്ടറിയായി എം.വേണുഗോപാലിനെയും തിരഞ്ഞെടുത്തു. കെ.പ്രമീൽകുമാർ (ട്രഷറർ), ഐവാൻ ജോൺസൺ (ഓർഗനൈസിംഗ് സെക്രട്ടറി), ആർ രാജസേനൻ, എ ഷേർഷ, സുരുചി (വൈസ് പ്രസിഡന്റ്), ബിനു പൊടിക്കുഞ്ഞ്, പി.എസ്. സാനു, സുനിതാ നാസർ (ജോ. സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.