പത്തനാപുരം: ''എന്റെ അച്ഛനെയും അമ്മയെക്കാളും പ്രാധാന്യം ജീവിതത്തിൽ മറ്റൊരാൾക്കും കൊടുത്തിട്ടില്ല, അവരെനിക്ക് ദൈവത്തിന് തുല്യരാണ് '' ഗാർഫി സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ മികച്ച നടിക്കുള്ള അവാർഡ് വാങ്ങിയ നവ്യാ നായർ വിതുമ്പിക്കൊണ്ട് പറഞ്ഞു. കല്യാണരാമൻ, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ടി.പി. മാധവനെ ഗാന്ധിഭവനിൽ കണ്ടുമുട്ടിയപ്പോഴാണ് നവ്യ വികാരാധീനയായത്. ഗാന്ധിഭവനിലെ അച്ഛനമ്മമാരെയും കുഞ്ഞുങ്ങളെയും സന്ദർശിച്ചപ്പോൾ അവരുടെ മുന്നിൽ സംസാരിക്കുവാൻ വാക്കുകളില്ലാതെയായി. ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് വേണ്ടി ഗാന്ധിഭവന്റെ വേദിയിൽ നൃത്തം അവതരിപ്പിക്കാമെന്ന് നവ്യ ഉറപ്പ് നൽകി. ഇന്നത്തെ വളർന്നുവരുന്ന തലമുറ ഗാന്ധിഭവനിലെ നിരാലംബരായ അന്തേവാസികളെ കാണുകയും അവരുടെ കഥകളറിയുകയും ചെയ്യണം. തന്റെ മകനെയും കൂട്ടി വീണ്ടും ഗാന്ധിഭവനിലെത്തുമെന്നും നവ്യ പറഞ്ഞു.