പത്തനാപുരം: ചലച്ചിത്രമേഖലയിൽ പ്രമുഖരായിരുന്ന കലാകാരന്മാരിൽ പലരും ജീവിതസായന്തനത്തിൽ എവിടെ, എങ്ങനെ ജീവിക്കുന്നുവെന്ന് ആർക്കുമറിയില്ലെന്നും അറുന്നൂറിൽപരം സിനിമയിൽ അഭിനയിച്ച, 'അമ്മ' സംഘടനയുടെ സ്ഥാപക സെക്രട്ടറിയായി പത്ത് വർഷം പ്രവർത്തിച്ച ടി.പി. മാധവൻ പോലും ഇന്ന് ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ കഴിയുന്നുവെന്നും ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന, ആരും സംരക്ഷിക്കാനില്ലാതെ ഒറ്റപ്പെട്ട് അവശരായി കഴിയുന്ന കലാകാരന്മാരെ സംരക്ഷിക്കുന്നതിനായി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരക്ഷണകേന്ദ്രം ആരംഭിക്കുന്നതിന് പദ്ധതിയായെന്നും കഴിഞ്ഞ വർഷം ഗാന്ധിഭവനിലെത്തിയപ്പോൾ അന്തേവാസിയായ ടി.പി. മാധവനെ കണ്ടപ്പോഴാണ് ഈ പദ്ധതി മനസിൽ രൂപപ്പെട്ടതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സംവിധായകൻ ഹരിഹരനും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ 'എന്നിവർ' സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ സിദ്ധാർത്ഥ് ശിവ, ജയരാജ് (മികച്ച സംവിധായകൻ), സുധീർ കരമന (നടൻ), നവ്യാ നായർ (നടി), റഫീക്ക് അഹമ്മദ് (ഗാനരചയിതാവ്), പണ്ഡിറ്റ് രമേശ് നാരായൺ (സംഗീതസംവിധായകൻ), നജീം അർഷാദ് (ഗായകൻ), നഞ്ചിയമ്മ (ഗായിക) എന്നിവർക്കും പുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരി, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ എന്നിവർക്കുവേണ്ടി പ്രതിനിധികളും അവാർഡ് ഏറ്റുവാങ്ങി.
ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി.ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും അവാർഡ് ജൂറി ചെയർമാനുമായ ഷാജി എൻ. കരുൺ, സംവിധായകരും അവാർഡ് ജൂറി അംഗങ്ങളുമായ വിജയകൃഷ്ണൻ, ആർ. ശരത്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, പല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.