കുന്നത്തൂർ: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ പോരുവഴിയിൽ വീട് പൂർണമായും തകർന്നു. പോരുവഴി കമ്പലടി കിണറുവിളയിൽ റജുലയുടെ വീടാണ് തകർന്നത്.ഇന്നലെ രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. മുത്തശ്ശിയും ചെറുമകനും രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീടിന്റെ അടുക്കള ഭാഗമാണ് പൂർണമായും നിലംപതിച്ചത്. ഈ സമയം അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന റജുല,മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ചെറുമകൻ ഫവാസ് എന്നിവർ പുറത്തേക്ക് ഓടിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട് തകർന്നു വീഴുമ്പോൾ ഇവരുടെ മകൾ ബീന മുറ്റത്ത് അലക്കുകയായിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് കിണറുവിള ബഷീറിന്റെ വീടാണിത്.