കൊട്ടാരക്കര: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ കൊട്ടാരക്കരയിൽ വ്യാപക കൃഷിനാശം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പുലമൺ തോട് കരകവിഞ്ഞൊഴുകിയതോടെ പരിസരത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഗോവിന്ദമംഗലം റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. കൊട്ടാരക്കര പട്ടണത്തിലും വെള്ളം ഉയർന്നത് വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. മൈലം, ഇഞ്ചക്കാട്, കലയപുരം, പുത്തൂർ, ഉമ്മന്നൂർ, നെടുവത്തൂർ ഭാഗങ്ങളിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വൈദ്യുതി ബന്ധം പലയിടത്തും തകരാറിലായി. താലൂക്ക് ഓഫീസിലും നഗരസഭയിലുമടക്കം അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.