പരവൂർ : ചിറക്കര ലിഫ്റ്റ് ഇറിഗേഷൻ എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ
ആർക്കും ഒരു നിശ്ചയവുമില്ല. പൂതക്കുളം, ചിറക്കര പഞ്ചായത്തുകളിലും പരവൂർ നഗരസഭയിലുമായി കോടികണക്കിന് രൂപ നൽകിയാണ് ഇതിനായി വസ്തു ഏറ്റെടുത്തു. ജനങ്ങളെ ഒഴിപ്പിച്ചു, കനാൽ നിർമ്മിച്ചു. എന്നാൽ, ജനങ്ങളുടെ ചിരകാലസ്വപ്നമായി അത് അങ്ങനെ തന്നെ തുടരുകയാണ്.
പരവൂർ മുനിസിപ്പാലിറ്റി, നെടുങ്ങോലം, ഒഴുകുപാറ, പോളച്ചിറ എന്നിവിടങ്ങളിലെ ജനങ്ങൾ പദ്ധതിയിൽ പ്രതിക്ഷയർപ്പിക്കാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷമായി. ഇനിയെങ്കിലും അത് നടപ്പിലായാൽ മാത്രമേ വരാനിരിക്കുന്ന കൊടും വരൾച്ചയെയും ജലക്ഷാമത്തെയും അതിജീവിക്കാൻ കഴിയൂ.
പദ്ധതിക്കായി 15 കോടി രൂപ സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇതിൽ പ്രാരംഭ പ്രവർത്തനത്തിനായി ഏഴരക്കോടി രൂപയാണ് ചെലവഴിക്കും. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രദേശമായ ചിറക്കരത്താഴത്താണ് ജലം എത്തിക്കുന്ന സംവിധാനം ഒരുക്കുന്നത്. കല്ലട ജലസേചന പദ്ധതിയുടെ പരവൂർ ഡിസ്ട്രിബ്യൂട്ടറിൽ ആരംഭിക്കുന്ന മീയണ്ണൂർ ശാസ്താംപൊയ്ക പദ്ധതി പ്രകാരം ഗ്രാറ്റിവിറ്റി ഫിലോയിൽ ജലം എത്തിക്കുകയാണ് ലക്‌ഷ്യം. ചിറക്കര കനാലിൽകൂടി 1 .2 മീറ്റർ ഉയരത്തിൽ ജലം എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്.
പദ്ധതി നടപ്പിലാകുന്നതോടെ നിരവധി പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ ജലക്ഷാമത്തിന് വലിയൊരു അളവിൽ പരിഹാരമാകും. കൂടാതെ കൃഷിആവശ്യങ്ങൾക്കായി ഉപയോഗിക്കാനും കഴിയും.
.....................................................................................................................
കാൽനൂറ്റാണ്ട് മുമ്പ് പത്തുകോടിയോളം രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച ബ്രഹത് പദ്ധതിയാണ് ലിഫ്റ്റ് ഇറിഗേഷൻ. എന്നാൽ, പ്രദേശത്തെ ജലം എത്തിക്കാൻ കഴിയാതെ വന്നതോടെ പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു. ആ അവസ്ഥ ഇനി ഉണ്ടാകില്ലെന്ന് വിശ്വസിക്കാം. ഒരുവർഷം മുമ്പ് ജി.എസ് .ജയലാൽ എം.എൽ.എ നാട്ടുകാരോട് പറഞ്ഞ വാക്കുകൾ അദ്ദേഹം പ്രവർത്തികമാക്കുമെന്ന് കരുതുന്നു.
വാസവൻ ആശാൻ,
തോട്ടത്തുവിള,
കോട്ടപ്പുറം, പരവൂർ
നാട്ടുകാരുടെ ചിരകാല സ്വപ്നമായ ചിറക്കര ഇറിഗേഷൻ പദ്ധതി നടപ്പിലാക്കാൻ ഇനിയും വൈകരുത്. ഈ പദ്ധതി പ്രാവർത്തികമായാൽ നാട്ടിലെ ജലക്ഷാമത്തിന് വലിയൊരു അളവിൽ പരിഹാരമാകും.
കെ.കെ.സുരേന്ദ്രൻ,
തുണ്ടിൽ വീട്,
കുറുമണ്ടൽ, പരവൂർ